#നവോത്ഥാനം

സത്യാനന്തരകാല രാഷ്ട്രീയ പ്രവർത്തനം

Picture Courtesy: Journalism Design

ശബരിമല യുവതി പ്രവേശന വിവാദം ഇടതുരാഷ്ട്രീയത്തിനോടു ചെയ്ത ചരിത്രപരമായ ആനുകൂല്യം അതു മറന്നുവച്ച സാംസ്കാരിക അധികാര നിർമ്മിതി എന്ന ആവശ്യത്തെ ഓർമ്മിപ്പിച്ചു എന്നതാണ്.

ഈ വിഷയത്തിൽ സർക്കാർ എടുത്ത നിലപാടിലെ ദാർഢ്യം ദളിത്, ആദിവാസി മേഖലകളിൽനിന്നും ഉയർന്നുവന്ന, പലപ്പൊഴും ഇടതുരാഷ്ട്രീയത്തോട് അവിശ്വാസം പ്രഖ്യാപിച്ചു മാറിനിന്ന ധൈഷണിക ധാരയെയും തങ്ങൾക്ക് അനുകൂലമായി ചിന്തിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ യുവതി പ്രവേശന ശ്രമങ്ങൾ പലവട്ടം പരാജയപ്പെട്ടപ്പോൾ (എന്നുവച്ചാൽ വിധിവന്ന് ഒരു മാസത്തിനുള്ളിൽ എന്നും ഓർക്കണം) അവരെ മാറി ചിന്തിക്കാനും പ്രേരിപ്പിച്ചു എന്നതു സത്യം തന്നെ. എന്നാൽ സർകാരിനു നൽകിയ പിന്തുണ പിൻവലിച്ച് ദളിത്, ആദിവാസി സമൂഹങ്ങളെ ഏകോപിപ്പിച്ചു സംഘമായി മലചവിട്ടും എന്നു സണ്ണി എം കപിക്കാടിനെ പോലെയുള്ള ദളിത് ധൈഷണികർ പറഞ്ഞതിനു പിന്നാലെ, അതു നടക്കും മുമ്പേ സ്ത്രീകൾ മല ചവിട്ടി. അതും ഒന്നല്ല, പലർ.

ഒപ്പം നടന്ന മറ്റൊരു കാര്യം ശബരിമലയിൽ സംയമനം പാലിച്ച പൊലിസ് താഴെ സമതലത്തിൽ കൃത്യമായി പ്രവർത്തിക്കുകയും നാമജപ കലാപകാരികളെ തെളിവുകളോടെ അകത്താക്കുകയും ചെയ്തു. അതോടെ കൊടി പിടിച്ചായാലും കൊടി പിടിക്കാതെയായാലും സുവർണ്ണാവസരം കണ്ട രാഷ്ട്രീയ കണ്ണുകളിൽ പീള നിറഞ്ഞു. അവരുടെ സമരങ്ങൾ ഉറങ്ങാൻ തുടങ്ങി.