#നിരീക്ഷണം

ബാങ്ക് ലോൺ തിരക്കഥയല്ല ചിന്താവിഷ്ടനായ വിജയാ, അത് വേറെ ലെവലാ...

03 May, 2019

ശ്രീനിവാസനെക്കുറിച്ചു തന്നെ. ‘ശബരിമലയുടെ പേരിൽ ബാങ്കുകളിൽ നിന്നെടുക്കുന്ന വായ്പകൾ ഒരിക്കലും തിരിച്ചടയ്ക്കാറില്ലെ‘ന്ന നുണ പ്രചരിപ്പിക്കുന്ന അയാളും നിരുത്തരവാദപരമായി ആ പ്രസ്താവന പ്രസിദ്ധീകരിച്ച പത്രവും വിചാരണ നേരിടണം. അതിനു വഴിയൊരുക്കുംവിധം രൂക്ഷമായ വിമർശനം അയാൾക്കെതിരെ ഉയരണം. തെറ്റു ബോദ്ധ്യമായ മേജർ രവി, അക്കാര്യം തുറന്നു പറഞ്ഞുതിരുത്തിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. ആ തിരുത്തലിനു വഴിയൊരുക്കിയത് സോഷ്യൽ മീഡിയയിലെ ചർച്ചകളും വിമർശനവുമാണ്.

മേജർ രവിയെപ്പോലെയല്ല ശ്രീനിവാസൻ. ഇടതുപക്ഷക്കാരനാണെന്ന വ്യാജപ്രതീതി അയാൾക്കു ചുറ്റിലുമുണ്ട്. ഗഹനമായ അഭിപ്രായങ്ങൾ തട്ടിമൂളിക്കാൻ അയാൾക്കു മേലേ മാധ്യമസമ്മർദ്ദം ഉരുണ്ടുകൂടുന്നതിന് അതൊരു പ്രധാന കാരണമാണ്. ആ പ്രതീതിയുടെ ഫ്യൂസ് അയാൾ തന്നെ ഊരുന്നത് നല്ല കാര്യം. പക്ഷേ, അതിനു കൂടുതൽ ദൃശ്യത വരണം. പരമാവധി ഉച്ചത്തിൽ.

‘ദുരിതം ജനങ്ങൾക്കും ആശ്വാസം സിപിഎമ്മിനുമാണെ‘ന്ന വിടുവായത്തം അയാളിലെ രാഷ്ട്രീയക്കാരന്റെ പുലമ്പലായി അവഗണിച്ചു തള്ളാം. സലീംകുമാറും ജഗദീഷുമൊക്കെ ഇതിനേക്കാൾ നിലവാരമുള്ള രാഷ്ട്രീയം പറയാറുണ്ട്. പക്ഷേ, ശബരിമലയുടെ പേരിലെടുക്കുന്ന ബാങ്കുവായ്പകൾ തിരിച്ചടയ്ക്കാറില്ലെന്ന പടുവങ്കത്തം പ്രചരിപ്പിക്കാൻ കുമ്മനം രാജശേഖരനോ ശോഭാസുരേന്ദ്രനോ പോലും തയ്യാറായിട്ടില്ലല്ലോ.

അപ്പോൾ ശ്രീനിവാസാ, ഏതു ബാങ്കിൽ നിന്നാണു ശബരിമലയുടെ പേരിൽ വായ്പയെടുത്തത്? ആരാണെടുത്തത്? എന്നാണെടുത്തത്? എന്തായിരുന്നു ഈട്? എത്ര രൂപ പലിശയ്ക്ക്. തിരിച്ചടവു കാലാവധി എത്രകാലം? തിരിച്ചടയ്ക്കാത്ത തുക ഈടാക്കാൻ ബാങ്ക് എന്തു ചെയ്തു?