#മതരാഷ്ട്രീയം

എല്ലാം നന്നാവും, അന്നു പണ്ഡിതർ തലയിൽ മുണ്ടിട്ട് നടക്കുന്നില്ലെങ്കിൽ അതു മുസ്ളിം സഹോദരങ്ങളുടെ ദയ!

മുഖാവരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉയരുന്ന വാദങ്ങൾ പലതും പരസ്പരം ഒരു ബന്ധവുമില്ലാത്ത മതേതര ലിബറൽ യുക്തികളെയും വിശ്വാസത്തെയും തരംപോലെ സമാന്തരം നിർത്തിക്കൊണ്ടുള്ളവയാണ്. നമ്മൾ മുമ്പ് ശബരിമല യുവതി പ്രവേശന വിവാദകാലത്തു കണ്ടതുപോലെ.

ഒരാൾ എന്തു വസ്ത്രം ധരിക്കണം എന്നത് അയാളുടെ തീരുമാനമാണ്. അതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. അതുകൊണ്ടു മുഖാവരണം ധരിക്കാൻ ആഗ്രഹമുള്ളവരെ അതിനനുവദിക്കണം എന്നതാണ് ഒരു വാദം. അതു ലിബറൽ യുക്തിയിൽ ഊന്നിയ വാദമാണ്. എന്നാൽ അതേ ലിബറൽ യുക്തിയുടെ ഭാഗമാണു മുഖം മറച്ചുവയ്ക്കേണ്ട ഒരു അവയവമല്ല, ഉയർത്തിക്കാട്ടേണ്ട ഐഡന്റിറ്റിയാണെന്നത്.

അതുപോലെ പ്രായോഗികതയുടെതായ ഒരു വശവും ഇതിനുണ്ട്. സർവീസ്, വ്യാപാര മേഖലകളിൽ പണിയെടുക്കുന്നവരുടെ ഐഡന്റിറ്റി അറിയുക കസ്റ്റമറിന്റെ അവകാശമാണ്. അതിനു നെയിം ബോർഡ് പോരേ എന്നു ചോദിച്ചാൽ പേരു പോലെ മറക്കാൻ സാദ്ധ്യതയുള്ള ഒന്നല്ല മുഖം. അപ്പോൾ വാദം ലിബറൽ യുക്തികൾ വിട്ട് വിശ്വാസത്തിലേക്കു കടക്കും. നിങ്ങളുടെ എളുപ്പത്തിനായി ഞങ്ങൾ ഞങ്ങളുടെ വിശ്വാസം ബലി കഴിക്കണമല്ലേ എന്നാവും ചോദ്യം.