#മതരാഷ്ട്രീയം

എം ഇ എസൊ സമസ്തയൊ പുരോഗമനപരം? ഒരു ജോളി ചർച്ച...

എം ഇ എസ് സർക്കുലർ

തങ്ങളുടെ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിച്ചുകൊണ്ട് സർക്കുലർ ഇറക്കിയ എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ നടപടിയും ഉടൻ അതിനെതിരെ ചാടിവീണ സമസ്തയുടെ വാദങ്ങളും ചേർന്നു വിപുലമായൊരു പുരോഗമന ഇസ്ളാം വേഴ്സസ് യഥാസ്ഥിതിക ഇസ്ളാം ചർച്ച തുടങ്ങിവച്ചിരിക്കുകയാണല്ലോ. വാസ്തവത്തിൽ പക്ഷേ ഈ ചർച്ചാ കോലാഹലങ്ങൾക്കിടയിൽ നൈസായി രക്ഷപെട്ടുപോകുന്നത് ആ സർക്കുലറിന്റെ ഉള്ളടക്കമാണ്.

അന്യപുരുഷന്റെ മുമ്പിൽ മുഖം പ്രദർശിപ്പിച്ചാൽ അതവർക്കു പ്രലോഭനം ഉണ്ടാക്കും എന്ന തരം അറുപഴഞ്ചനും അതിനെക്കാൾ പിന്തിരിപ്പനുമായ യുക്തിയും ഉയർത്തിയാണിപ്പൊഴും സമസ്ത പ്രതിനിധികൾ വരുന്നത്. അതിനെയവർ അനിവാര്യഘട്ടങ്ങളിലല്ലാതെ സ്ത്രീകൾ പൊതുവിടങ്ങളിലേക്കു വരുന്നതേ അനിസ്ളാമികമാണെന്നു വാദിച്ചു നീട്ടുന്നു. അത്തരം ഘട്ടങ്ങളിൽ കണ്ണൊഴികെ മുഖം മുഴുവനും മറച്ചിരിക്കണമെന്നു ഖണ്ഡിതമായി പറയുന്നു.

സമസ്തയുടെ ഈ മണ്ടൻ വാദത്തെ പൊളിക്കാനുള്ള വാദങ്ങൾ തിരയുന്ന വ്യഗ്രതയിൽ നാം സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടേതായ ഡ്രെസ് കോഡ് ഏർപ്പെടുത്താനുള്ള അവകാശമുണ്ട്, അതിനോടു വിയോജിപ്പുള്ളവർ അവിടം വിട്ടു പൊയ്ക്കൊള്ളണം എന്നുവരെ പറഞ്ഞുവയ്ക്കുന്നു. ശരിയാണ്, യാന്ത്രികമായി വ്യാഖ്യാനിച്ചാൽ നിയമപരമായി അതിനുള്ള അവകാശം സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ട്. എന്നാൽ ഇതിനൊപ്പം പണ്ടു ചില കൃസ്ത്യൻ മാനെജ്മെന്റ് സ്ഥാപനങ്ങൾ തട്ടം നിരോധിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും കൂട്ടിവായിക്കണം.