#നിരീക്ഷണം

പർദയിലെ ചോയ്സും ഏജൻസിയും...

ഏറ്റവും അടിസ്ഥാനമായ വിശ്വാസ സങ്കൽപങ്ങൾ നിലനിർത്തിക്കൊണ്ട് കർമശാസ്ത്ര വിഷയങ്ങളിലടക്കം എല്ലാറ്റിലും വ്യത്യസ്ത അഭിപ്രായങ്ങൾ അനുവദിക്കുന്ന മതമാണ് ഇസ്ലാം, അതിന്റെ ചരിത്രവും ഇതിനെ ശരി വെക്കുന്നതാണ്. ആ വൈജാത്യങ്ങളും വ്യത്യസ്തതകളുമാണ് ഇസ്ലാമിന്റെ ശക്തി. ഇസ്ലാമിനെ ജൈവികമാക്കുന്നത് അതിന്റെ ബഹുസ്വരതയും വൈവിധ്യങ്ങളുമാണ്.

ഖുർആൻ വ്യാഖ്യാനഗ്രന്ഥങ്ങളായ ‘തഫ്സീറു‘കൾ ഈ അഭിപ്രായവ്യത്യാസങ്ങളുടേയും സഹിഷ്ണുതയുടേയും സാക്ഷിപത്രങ്ങൾ കൂടിയാണ്. ഒരേ സൂക്തത്തിന്റെ വിശദീകരണത്തിൽ തന്നെ തീർത്തും വ്യത്യസ്തവും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധവുമായ നിരവധി അഭിപ്രായങ്ങൾ ഒരേ തഫ്സീറിൽ കാണാം. ഇതിൽ ഏതെങ്കിലും ഒരഭിപ്രായത്തോടാണു ഗ്രന്ഥകർത്താവിന് യോജിപ്പെങ്കിലും തുല്യപ്രാധാന്യത്തോടെയാണ് മറ്റഭിപ്രായങ്ങളും നൽകാറുള്ളത്. പക്ഷേ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട സമീപകാല ചർച്ചകൾ പലപ്പോഴും ഇസ്ലാമിക ബൗദ്ധിക പാരമ്പര്യത്തിനു വിരുദ്ധമാവുന്നത് അതിന്റെ ബൈനറി സ്വഭാവം കൊണ്ടാണ്, അതിൽ അന്തർലീനമായ അസഹിഷ്ണുത മൂലമാണ്. അതിൽ മുസ്ലിംസമൂഹത്തിനും അതിനു പുറത്തുള്ളവർക്കും ഒരു പോലെ പങ്കുണ്ട്.

പർദ്ദ ചോയ്സായി, ഏജൻസിയായി, പോരാട്ടമായി...