#രാഷ്ട്രീയം

ദേശീയപാതാ വികസനവും പിള്ളയ്ക്ക് സുവർണ്ണാവസരം തന്നെ: ഒന്നും ചെയ്യണ്ട, ചെയ്യുന്നതിനു പാര പണിഞ്ഞാൽ മാത്രം മതി!

ജനാധിപത്യത്തിൽ ഒരു സർക്കാർ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തിലെ മുഴുവൻ മനുഷ്യരുടെയും ഉത്തമ താല്പര്യങ്ങളെയാണ്, അല്ലാതെ തങ്ങൾക്കു വോട്ടുചെയ്തവരുടെ മാത്രമല്ല.

തത്വത്തിൽ ഇന്ത്യയിൽ ഇപ്പൊഴും ജനാധിപത്യമാണെങ്കിലും മോഡി സർക്കാരിന്റെ ഭരണകാലം തെളിയിച്ചതു ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ഒരു സർക്കാരിനു അതിന്റെ മൂല്യങ്ങളെ എങ്ങനെയൊക്കെ അട്ടിമറിക്കാനാവും എന്നാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം അതിന്റെ എറ്റവും പുതിയ തെളിവാണിപ്പോൾ ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ പുറത്തുവന്നിരിക്കുന്നത്. ദേശീയപാത നാലു വരിയായി വികസിപ്പിക്കുന്ന പദ്ധതിയുടെ മുൻഗണനാപട്ടികയിൽ നിന്നും കേരളത്തെ വെട്ടി മാറ്റിയ നടപടി മറ്റെന്താണു സൂചിപ്പിക്കുന്നത്? പലയിടങ്ങളിലായി സ്ഥലം ഏറ്റെടുക്കൽ പരിപാടി അറുപതും എൺപതും ശതമാനം പുരോഗമിച്ചിരിക്കെയാണു നടപടി. കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് പാത വികസിപ്പിക്കാനാവശ്യമായ സ്ഥലം കണ്ടെത്തൽ എത്രത്തോളം ദുഷ്കരമാണെന്നു നമുക്കറിയാം. അതിനെയൊക്കെ അതിജീവിച്ച് ഇത്രയും പുരോഗമിച്ച അവസ്ഥയിൽ 2021വരെ സ്ഥലമെടുക്കലുൾപ്പെടെയുള്ള നടപടികൾ നിർത്തിവയ്ക്കുവാനുള്ള ഉത്തരവ് കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മൾ അതിജീവിച്ച പ്രളയത്തെക്കാൾ വലിയൊരു ദുരന്തമാണ്.

പാത വികസനത്തിന്റെ ഒന്നാം ഘട്ടം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതി എന്നു മോഡി സർക്കാർ തീരുമാനിച്ചതിൽ അതിശയമൊന്നുമില്ല. ഇന്ത്യയിൽ അവരുടെ ഹിന്ദുത്വ അജണ്ടകൾക്കു തീരെ വഴങ്ങിക്കൊടുക്കാത്തവർ എന്ന നിലയിൽ മോഡി സർക്കാരിനെ ഭരിക്കുന്ന സംഘപരിവാർ ശക്തികൾക്കു തീർത്താൽ തീരാത്ത പകയുള്ള ഒരു ജനതയാണു നമ്മൾ. അത് ഈ കഴിഞ്ഞ പ്രളയകാലത്തും നമ്മൾ കണ്ടതാണ്. നാമമാത്രമായ കേന്ദ്രസഹായം കൊണ്ട് ഒന്നുമാകാത്ത അവസ്ഥയിൽ വിദേശ സഹായം വഴി അതിനുള്ള ധനം സമാഹരിക്കുവാനുള്ള വഴികൾ സംസ്ഥാനം തേടവേ അതിനെയും സാങ്കേതിക മുട്ടാപ്പോക്കുകൾ പറഞ്ഞ് അടച്ചുകളയുക വഴി അവർ നമ്മളൊടുള്ള ആ പകയുടെ ആഴവും വെളിപ്പെടുത്തിക്കഴിഞ്ഞു.