#നിരീക്ഷണം

നിഖാബ്: മറ നീങ്ങുമ്പോൾ പുറത്തുവരാനിടയുള്ളവ....

കുറച്ചു ദിവസങ്ങളായി ഇരുന്ന് എഫ് ബി സ്ട്രീമിലൂടെ മിന്നിപ്പോകുന്ന നിഖാബ് എഴുത്തുകൾ വായിക്കുകയാണ്. പലതും മുഴുവനും വായിച്ചില്ല. വരുന്ന കഥനങ്ങൾ പല പല തലങ്ങളിലാണ്. പല കോണുകൾ. പല കാഴ്ചകൾ. എവിടെ വരെ പോകുമെന്നു ചിന്തിപ്പിക്കുന്ന തരത്തിൽ.

ഒന്ന് ലിംഗമാണോ മുഖത്ത്, മറച്ചു വെക്കാൻ എന്ന തരം വചനങ്ങൾ. ഇനിയുമൊന്നിൽ മുസ്ലീം സ്ത്രീകൾ ലോകത്ത് ഏറ്റവും ആത്മാഭിമാനം കുറഞ്ഞവർ. ഇന്നു കണ്ട മറ്റൊരു പുരാണത്തിൽ കൂട്ടിലിട്ട പട്ടിയാണ് വിശദീകരിക്കാനുള്ള രൂപകം. ആഖ്യാനങ്ങൾ വ്യഗ്രത പൂണ്ട് സ്വയം വിഘടിച്ച്, പരന്ന് പലപല വഴികളിലേക്ക് പരക്കുന്നതിനെപ്പറ്റിയാണ്.

എന്റെ സ്ട്രീം എന്നാൽ പൊതുവെ ശ്രദ്ധാപൂർവ്വം സാനിറ്റൈസ് ചെയ്തവയാണ്, I can only take so much shit you know. അതിലാണ് ഇത്, കഴിവും അഭിമാനവുമില്ലാത്ത ഒരു വർഗത്തിന്റെ പുരാണം, മുഖം മറച്ചവർ മാത്രമല്ല, എല്ലാവരും. സ്വയമേ പറഞ്ഞു, എന്നോടു തന്നെ, ഇതെഴുതാൻ ഞാനുണ്ടായിരിക്കുന്നതുപോലും, ഇതേ ഒന്നിനും കൊള്ളാത്ത വർഗത്തിൽപ്പെട്ട ഒരാൾ കാരണമാണല്ലോ എന്ന്. Someone who walked around doing odd bloody jobs. അതങ്ങനെയാണ്, ലോകത്തെ മുഴുവൻ നമ്മുടെ കാഴ്ചവട്ടങ്ങളിലേക്ക്, ബോധങ്ങളിലേക്ക് ചുരുക്കുമ്പോൾ ഒക്കെയും കാരിക്കേച്ചറുകളാവും.

മറുപുറം മിന്നിമായുന്ന മറ്റു ചിത്രങ്ങളുണ്ട്. ഇറാന്റെ വടക്കേ മൂല മുതൽ അൾജീരിയയുടെ ഉൾനാടുകൾ വരെ നീളുന്ന പതിഞ്ഞ കാഴ്ചകൾ, കണ്ടത്, അറിഞ്ഞത്. ഒരിക്കലും ഒരച്ചിലേക്ക് ഒതുങ്ങാത്ത ജീവിതവഴികൾ. അതുകൊണ്ടാണ് ലീലാ അബു ലുഗോദിന്റെ 'Do Muslim Women need saving' എന്നതിലെ എഴുത്തുകൾ ഒരു തരത്തിൽ, പണ്ഡിതഭാഷയാണെങ്കിലും മറ്റൊരു തരത്തിൽ ഒരു വിലാപത്തിന്റെ ചുവ കൈവരിക്കുന്നത്.