#നിരീക്ഷണം

തെച്ചിക്കോട്ട് രാമചന്ദ്രനെ പൂരത്തിൽനിന്നും വിലക്കിയാൽ പൂരം തന്നെ കലക്കും, സൂക്ഷിച്ചൊ..!

തെച്ചിക്കോട്ട് രാമചന്ദ്രനെ പൂരത്തിൽനിന്നും വിലക്കിയാൽ ഞങ്ങൾ പൂരം തന്നെ കലക്കും! ആന ഉടമകളുടെ ഭീഷണിയാണ്. തിടമ്പെഴുന്നള്ളത്തും കുടമാറ്റവുമൊന്നുമില്ലാതെ പൂരം നടത്തുന്നതൊന്നു കാണട്ടെ എന്നതാണു ഭാവം. സംഗതി ഇപ്പൊൾ ഏതാണ്ട് കോംപ്രമൈസായി എങ്കിലും ഇത്തരം ഒരു കടുത്ത വെല്ലുവിളിക്ക് ആനമുതലാളിമാരെ പ്രേരിപ്പിച്ചത് ആനകളുടെ രാജാവ് എന്നൊക്കെ അവർ വിശേഷിപ്പിക്കുന്ന തെച്ചിക്കോട്ട് രാമചന്ദ്രനോടുള്ള ഐക്യദാർഢ്യം മാത്രമാണെന്നു കരുതാൻ വയ്യ.

ഒരു കണ്ണിനു പൂർണ്ണമായും മറ്റേ കണ്ണിനു ഭാഗികമായും കാഴ്ച നശിച്ച ഒരാന. ആറു പാപ്പാന്മാരും സ്ത്രീകളും കുട്ടികളുമടക്കം നിരവധി മനുഷ്യരെ കൊന്ന പാരമ്പര്യമുള്ളത്. ആനപ്രേമികളുടെ അളവുവടിവുകളും തലയെടുപ്പും മറ്റു ലക്ഷണത്തികവുകളും മാറ്റിവച്ചാൽ ഇതാണു തെച്ചിക്കോട്ട് രാമചന്ദ്രൻ, അത്യന്തം അപകടകാരിയായ ഒരു നാട്ടാന. അതിനെ പതിനായിരക്കണക്കിനാളുകൾ തടിച്ചുകൂടുന്ന ഉൽസവം പോലെയുള്ള പൊതുവേദികളിൽ നിന്നും വിലക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല എന്നതാണു വസ്തുത. അത് ആന മുതലാളിമാർക്കും അറിയാം. എന്നിട്ടും എന്തിനീ ഭീഷണി?

പ്രശ്നം തെച്ചികോട്ട് രാമചന്ദ്രനല്ല. ആന വളർത്തൽ എന്ന വ്യവസായത്തിൽ ഇന്നു നിരവധിയായ നിബന്ധനകൾ വന്നിട്ടുണ്ട്. ആനകളെ കൈകാര്യം ചെയ്യുന്ന രീതി നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ട്. മിണ്ടാപ്രാണിയല്ലേ, ആരോടു പോയി നിവേദനം കൊടുക്കാൻ എന്ന ലാഘവത്തിൽ ആനകളെയുപയോഗിച്ചു പണമുണ്ടാക്കാൻ ഇപ്പോൾ പണ്ടേപ്പോലെ കഴിയുന്നില്ല. വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇത്തരം നിയമപരമായ വിലക്കുകളും നിരീക്ഷണങ്ങളും മറ്റും അവരുടെ ലാഭത്തിൽ വലിയ ഇടിവു വരുത്തുന്നുണ്ട്. മൃഗസ്നേഹം കൊണ്ടാണ് ആനയെ വളർത്തുന്നത് എന്നൊക്കെ തള്ളുമെങ്കിലും അതല്ല സത്യമെന്ന് ആർക്കാണറിയാത്തത്. അപ്പോൾ തൃശൂർ പൂരത്തെ വേദിയാക്കി, പൂരപ്രേമികളെവച്ച് ഒരു ഇമോഷണൽ ബ്ളാക് മെയിലിങ്. അതിനവർ നെറ്റിപ്പട്ടം കെട്ടിച്ചു മുമ്പിൽ നിർത്തുന്നു എന്നിടത്ത് തെച്ചിക്കോട്ട് രാമചന്ദ്രന്റെ റോൾ തീരുന്നു.