#രാഷ്ട്രീയം

കേരളം ജയിച്ചോ, തോറ്റോ?

ഇന്ത്യയാകെ ബി ജെ പി തരംഗം അലയടിച്ചപ്പോൾ കേരളം അതിൽ നിന്നും വിട്ടുനിന്നു എന്നത് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. ഒന്നു മുതൽ മൂന്നു സീറ്റു വരെ സ്വപ്നം കണ്ട ബി ജെ പിയെ ഇക്കുറിയും അക്കൗണ്ട് തുറക്കാൻ അനുവദിക്കാതെ സംപൂജ്യരാക്കി നിർത്തിക്കൊണ്ട് കേരളജനത മതേതര ജനാധിപത്യത്തിനു കാവൽ നിന്നു എന്നു പറയാം. ആ നിലയ്ക്ക് കേരളം ജയിക്കുക തന്നെയാണ്.

2019 പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഇത്തരം ഒരു വായനയെ പൂർണ്ണമായും തള്ളിക്കളയുന്ന നിരവധിപേർ ഉണ്ടാവാം. കാരണം ബി ജെ പി ഇത്തവണയും അക്കൗണ്ട് തുറന്നില്ല എങ്കിലും അവരുടെ ഹിന്ദുത്വ നയങ്ങൾക്ക് കുട പിടിച്ചുകൊടുത്ത, കേരളത്തിൽ ഒരുപക്ഷേ അക്കാര്യത്തിൽ അവരെ കടത്തിവെട്ടുകതന്നെയും ചെയ്ത കോൺഗ്രസ് ചരിത്രവിജയം നേടി എന്നതാണ്. അതായത് ബി ജെ പി തോറ്റെങ്കിലും ഹിന്ദുത്വം ഇവിടെയും വിജയിക്കുകയായിരുന്നു എന്ന്.

സീറ്റൊന്നും കിട്ടിയില്ലെങ്കിലും ബി ജെ പിയുടെ വോട്ട് ശതമാനം കൂടിയെന്ന അവരുടെ അവകാശവാദം ശരിയാണെങ്കിൽ കാര്യങ്ങൾ ശുഭസൂചകമല്ല എന്നു പറയാം. ബി ജെ പിക്ക് സ്വന്തം നിലയിൽ നേരിയ തോതിലെങ്കിലും വോട്ട് വിഹിതം വർദ്ധിപ്പിക്കാനായി. ശബരിമല പോലുള്ള വിഷയങ്ങളിൽ അവരുടെ നയത്തെ കൊടി പിടിക്കാതെ പിന്തുണച്ച കോൺഗ്രസ്സ് അതിന്റെ പരോക്ഷ ഗുണഭോക്താക്കളായി തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത വിജയം നേടുകയും ചെയ്തുവെങ്കിൽ അതിൽ ശുഭസൂചകമായി ഒന്നുമില്ല എന്നത് വ്യക്തമല്ലേ. ബി ജെ പി അക്കൗണ്ട് തുറന്നില്ല എന്നത് കണക്കിലെ കളി മാത്രമാണെന്നല്ലേ അപ്പോൾ മനസിലാക്കേണ്ടത്?