#രാഷ്ട്രീയം

എൽ ഡി എഫ് കേഡര്‍ സംവിധാനങ്ങൾക്കെന്തു പറ്റി? എന്തുകൊണ്ടവര്‍ ഈവണ്ണം തോറ്റുപോയി?

29 May, 2019

ദേശീയതലത്തിലെ ബിജെപി വിജയം പോലെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ തോൽവി.

ഒരിടത്തെ വിജയത്തിന്റെ ഉയർച്ച പോലെ തന്നെ മറ്റൊരിടത്തെ തോൽവിയുടെ ആഴവും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഇത്തവണ കേരളത്തിൽ ഇടതുപക്ഷം പുറത്തെടുക്കാത്ത ആയുധങ്ങളില്ല. പരമ്പരാഗതമായി പിന്തുടരുന്ന ജനസമ്പർക്ക പരിപാടി മുതൽ സോഷ്യൽ മീഡിയ ഇടപെടൽ വരെ പ്രത്യക്ഷമായി കൃത്യമായി ആവിഷ്കരിച്ചിരുന്നു. ആറു വട്ടം വീടുകൾ കയറി. ഓരോ മണ്ഡലത്തിലും ലക്ഷകണക്കിനു വോട്ടർമാരെ നേരിട്ടു കണ്ടു. പാർലമെന്ററി രംഗത്ത് മികച്ച ട്രാക്ക് റെക്കോർഡുള്ള ആളുകളെ സ്ഥാനാർത്ഥികളാക്കി. നിരന്തരം ജനങ്ങളോട് പോസിറ്റീവായ രാഷ്ട്രീയം പറയാൻ ശ്രമിച്ചു. കമ്മിറ്റികൾ ദൈനംദിന പ്രചാരണത്തിൽ ഇടപെട്ടുകൊണ്ടിരുന്നു. പ്രവർത്തകരിൽ പതിവില്ലാത്ത വിധം ആത്മവിശ്വാസവും പ്രതീക്ഷയും വർധിപ്പിച്ചു. സർക്കാർ ഇടപെടലുകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തി.

എന്നിട്ടും എന്തുകൊണ്ട് തോറ്റു എന്നതിനുത്തരം കൃത്യമായി തേടേണ്ടതുണ്ട്. കാരണം രാഹുലിനെ പോലെ പിന്മാറാൻ കേരളത്തിലെ ഇടതുപക്ഷം ഉദ്ദേശിക്കുന്നില്ല

സിപിഎമ്മിന്റെ സംഘടന സംവിധാനത്തിനു ബദലായി വലതുപക്ഷത്ത് ഒരു പ്രവർത്തനം നടന്നിട്ടുണ്ട്. കേരളത്തിലെ യുഡിഫ് സ്ഥാനാർത്ഥികൾ വിജയത്തിനു ശേഷം ആദ്യം കണ്ട വിഭാഗങ്ങളിൽ ജമാഅത്ത് ഇസ്ലാമിയുണ്ട്. ജമാഅത്ത് നേതാക്കളെ പൊന്നാട അണിയിക്കുന്ന വി കെ ശ്രീകണ്ഠനെ നമ്മൾ കണ്ടു. സംഘടന സെറ്റപ്പൊന്നും ഇല്ലാതിരിന്നിട്ടും കോൺഗ്രസിന് ഗ്രൗണ്ടിൽ നിന്നു വലിയ പിന്തുണ കിട്ടി.