#രാഷ്ട്രീയം

യൂനിവേഴ്സിറ്റി കോളേജ് സംഭവം: വീണ്ടുവിചാരങ്ങളിലെ വൈരുദ്ധ്യാത്മകത!

യൂനിവേഴ്സിറ്റി കോളെജിൽ നടന്ന സംഭവം നടക്കാൻ പാടില്ലാത്തതാണ്. പൊറുക്കാനും. എന്നാൽ അത് അപൂർവ്വങ്ങളിൽ അത്യപൂർവ്വവും എസ് എഫ് ഐയുടെ മാത്രം ഒരു സവിശേഷശീലവുമായി വ്യാഖ്യാനിക്കുന്ന മാധ്യമസമീപനം അത്ര സോദ്ദേശപരമല്ല.

വാസ്തവത്തിൽ അതിൽ എന്തെങ്കിലും അപൂർവ്വതയുണ്ടെങ്കിൽ അത് എസ് എഫ് ഐയുടെ സംസ്ഥാന, അഖിലേന്ത്യാ നേതൃത്വങ്ങൾ ഒരുപോലെ ആ സംഭവത്തെ അപലപിക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു എന്നതാണ്. എസ് എഫ് ഐ സംസ്ഥാന നേതാവ് കുറ്റവാളികളെ ഒറ്റുകാർ എന്നാണു വിശേഷിപ്പിച്ചത് എന്നത് ഓർക്കണം. ഒരു ഇടതു കമ്യൂണിസ്റ്റ് നേതാവും കേവല വൈകാരികതയുടെ മാത്രം ബലത്തിൽ തന്റെ സംഘടനയിൽ പെട്ട പ്രവർത്തകരെ ആ പദം ഉപയോഗിച്ചു വിശേഷിപ്പിക്കുവാൻ ഇടയില്ല എന്നതും.

പാർട്ടിക്കുള്ളിൽ വിമതപ്രവർത്തനം നടത്തുന്നവരെ കായികമായി നേരിടുന്ന പതിവ് എസ് എഫ് ഐയിൽ ആയാലും ഇതര വിദ്യാർത്ഥി, യുവജന, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലായാലും ഒരു പുതിയ സംഭവമൊന്നുമല്ല. അടിപിടികളും ചോര പോലും ഒരു പുതിയ സംഭവമൊന്നുമല്ല. എന്നാൽ ഒരു സാധാരണ അച്ചടക്കലംഘന പ്രശ്നമായോ, അടിപിടി പ്രശ്നമായോ നിസ്സാരവൽക്കരിച്ചല്ല എസ് എഫ് ഐ നേതൃത്വം ഇതിനെ കാണുന്നത് എന്നതു ശ്രദ്ധേയമാണ്. എണ്ണിപ്പറഞ്ഞാൽ എതിരാളികളുടെ നാവടപ്പിക്കാൻ തക്കവണ്ണം നീണ്ട ഒരു നിര രക്തസാക്ഷികളുടെയും ജീവച്ഛവമായി നിലനിൽക്കേണ്ടിവന്നവരുടെയുമായി അവർക്കിടയിൽനിന്ന് ഉണ്ടായിരുന്നിട്ടും അതുപറഞ്ഞ് ഈ സംഭവത്തെ ന്യായീകരിക്കാനല്ല അവർ ശ്രമിക്കുന്നത് എന്നതും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.