#സർവൈലൻസ്

നിരീക്ഷണക്കണ്ണുകൾ വഴി ഉറപ്പാവുന്ന സാമൂഹ്യ നീതി....!

നാം ഇപ്പോൾ ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ക്രമസമാധാന, നീതിന്യായ, സദാചാര ആവശ്യങ്ങൾക്കായി വ്യാപകമായി ആശ്രയിക്കുന്ന ഒരു പുത്തൻ രക്ഷകനുണ്ട്. അവന്റെ പേരാണു സർവൈലൻസ് ക്യാമറ.

ഈ അടുത്തിടെ നടന്ന കുപ്രസിദ്ധമായ നടിയെ തട്ടിക്കൊണ്ടു പോകൽ സംഭവം മുതൽ തിയേറ്ററിൽ വച്ചു നടന്ന കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കച്ചവടം വരെയുള്ള സംഭവങ്ങളിൽ നിർണ്ണായകമായ തെളിവുകൾ നൽകിയത് ഈ ക്യാമറയായിരുന്നു. കേരളത്തെ നടുക്കിയ ഒരു പെൺകുട്ടിയുടെ പൊടുന്നനേ ഉള്ള തിരോധാനം അന്വേഷിക്കുവാനും ആകെയുണ്ടായ ഒരു തുമ്പ് സി സി ടിവി ദൃശ്യമായിരുന്നു. അതുപോലെ എ ടി എം കവർച്ച തുടങ്ങിയ നിരവധി സംഭവങ്ങൾ.

ഇപ്പോൾ വന്നുവന്ന് ഒരു പ്രദേശത്ത് ഒരു കുറ്റകൃത്യം നടന്നു എന്നറിഞ്ഞാൽ ഉടൻ നടക്കുന്ന (നടക്കേണ്ട) ഒരു നടപടിയായി സമീപ പ്രദേശത്തെ സി സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിക്കൽ മാറിയിരിക്കുന്നു. മിക്കവാറും കച്ചവട സ്ഥാപനങ്ങളിൽ ഇന്നു സി സി ക്യാമറകൾ ഉണ്ട്. ഒപ്പം വീടുകളിലും, തൊഴിൽ ഇടങ്ങളിലും വിദ്യാലങ്ങളിൽ വരെയും അതൊരു അംഗീകരിക്കപ്പെട്ട ആവശ്യം തന്നെയായി മാറിയിരിക്കുന്നു.