#നിരീക്ഷണം

സുനിതയ്ക്കു സല്യൂട്ട്: ന്യൂഡ് കാണിച്ചു വിരട്ടാൻ വരുന്നവരോടു പോടാ എന്നു തന്നെ പറയണം

സുനിതാ ദേവദാസ് മലയാളം സൈബർ മാധ്യമലോകത്തു മുഖവുര കൂടാതെ മനസിലാകുന്നത്ര പ്രചാരമുള്ള ഒരു വ്യക്തിയാണ്. അവരുടെ പോസ്റ്റുകളും വീഡിയോകളും അത്രകണ്ടു പ്രചാരമുള്ളവയും.

സംഘി രാഷ്ട്രീയത്തെ നിശിതമായി എതിർത്തുകൊണ്ട് എഴുതുകയും ലൈവായും അല്ലാതെയും വീഡിയോകൾ ഇടുകയും ചെയ്തു പോരുന്ന ഈ മാധ്യമ പ്രവർത്തകയുമായി ബന്ധപ്പെട്ടു മുമ്പും പല തരം വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത് അത്തരം വിവാദ പരിധികൾ ഒക്കെയും ലംഘിക്കുന്ന നഗ്നമായ അപവാദ പ്രചരണമാണ്.

അവരുടെയെന്ന പേരിൽ എന്തോ വിദൂരസാമ്യമുള്ള ഒരു ന്യൂഡ് വീഡിയോ സംഘടിപ്പിച്ചു പ്രചരിപ്പിച്ച് അവരെയങ്ങു തകർത്തുകളയാം എന്നു കരുതി ചിലർ ഇറക്കിയ പരിപാടിയായിരുന്നു അത് എന്നാണു സുനിത ദേവദാസിന്റെ പ്രതികരണത്തിൽ നിന്നും മനസിലാവുന്നത്. ന്യൂഡ് കാണിച്ചു വെരട്ടാൻ വരുന്നവനോട് “പോടാ” എന്നു പറയുന്ന, അത്തരം ഷൊവനിസ്റ്റ് പന്നികളൊടുള്ള അവജ്ഞ മുഴുവൻ നിഴലിക്കുന്ന, കാമ്പുള്ള പ്രതികരണം.

ന്യൂസ് ട്രൂത്ത് എന്ന ഒരു ഓൺലൈൻ മാധ്യമത്തിന്റെ പേരിൽ അവരുടെ അറിവോ സമ്മതമോ കൂടാതെ വ്യാജ വാർത്തയും വീഡിയോയും പ്രചരിപ്പിക്കുന്നു എന്നതാണു സംഭവം. അമേരിക്കൻ യുവാവുമായുള്ള സെക്സ് ചാറ്റ് വീഡിയോ പുറത്തുവിട്ടതു സഹപ്രവർത്തക എന്ന തലക്കെട്ടോടെ ന്യൂസ് ട്രൂത്തിന്റെ പേരിൽ പ്രചരിച്ച വാർത്തയും വീഡിയോയുമായി തങ്ങൾക്കു ഒരു ബന്ധവുമില്ല എന്നാണു പ്രസ്തുത മാധ്യമം സാക്ഷ്യപ്പെടുത്തുന്നത്. ഒപ്പം ഇതു പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികളുമായി മുമ്പോട്ടു പോകുമെന്നും അവർ പറയുന്നു.