#സർവൈലൻസ്

സർവൈലൻസ്: സമ്മതിയുടെ ഭരണകൂട വാസ്തുശാസ്ത്രം

ആധാറിന്റെ കാര്യത്തിലും ലേറ്റസ്റ്റ് സ്നൂപ്പിങ്ങ് നിയമത്തിനും എതിരായി വമ്പിച്ച ആശയ പ്രചരണങ്ങളും ചർച്ചകളും ഒക്കെ നടന്നു. അതിന്റെയൊക്കെ കാതൽ ഭരണകൂടത്തിൽ നമുക്കുള്ള വിശ്വാസക്കുറവ്, അല്ലെങ്കിൽ ജനാധിപത്യപരമായ ജാഗ്രത എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. ഭരണകൂടം, അതിനി ഏതു പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന ജനപക്ഷ, ജനകീയ സർക്കാർ ആയാലും അധികാരത്തിന്റെ ഭരണകൂടസ്വഭാവം അതിൽ നിന്നും പൂർണ്ണമായും ഇല്ലാതാകുന്നില്ല. അതുകൊണ്ടു തന്നെ സർക്കാർ ഏതായാലും മേല്പറഞ്ഞ ജാഗ്രത അപ്രസക്തവുമാവുന്നില്ല.

എന്നാൽ അതു മാത്രവുമല്ല പ്രശ്നം. നാം മുകളിൽ പറഞ്ഞതു പ്രത്യക്ഷ ഭരണകൂടങ്ങളുടെ കാര്യമാണ്. ആ പ്രത്യക്ഷ ഭരണകൂടങ്ങൾക്കു പിന്നിൽ പക്ഷേ ഇന്നൊരു പരോക്ഷ ആഗോള ഭരണകൂടം കൂടി പ്രവർത്തിക്കുന്നുണ്ട്. അതു കമ്പോളമാണ്. ഭരണകൂടങ്ങൾ ബില്ലും നിയമവും വഴി നടപ്പിലാക്കാൻ ശ്രമിക്കുന്ന ഈ സർവൈലൻസ് വ്യവസ്ഥയെ അത്തരം ഒരു പ്രത്യക്ഷ വിയോജിപ്പുമില്ലാതെ അവർ നടപ്പിലാക്കുന്നു, സമ്മതി നിർമ്മാണത്തിലൂടെ.