#സർവൈലൻസ്

ഭരണകൂടം തോൽക്കുന്നിടത്തും സുപ്പര്‍ ഭരണകൂടം ജയിക്കുന്നു

25 Jan, 2019

ആധാര്‍, പുതിയ സ്നൂപ്പിംഗ് നിയമം തുടങ്ങി ഭരണകൂട സര്‍വൈലന്‍സിന്റെ പ്രത്യക്ഷ രൂപങ്ങള്‍ക്കെതിരെ ഒന്നുമില്ലെങ്കില്‍ ശക്തമായ ആശയപ്രതിരോധങ്ങള്‍ എങ്കിലും ഉണ്ടായി. എന്നാല്‍ ആഗോള മുതലാളിത്തം മൂന്നാം ലോക മാര്‍ക്കറ്റില്‍ നടത്തുന്ന സെഗ്മന്റേഷന്‍ മാര്‍കറ്റിംഗ് അത്തരം ഒരു സുക്ഷ്മ പരിശോധനയിലൂടെ പലപ്പോഴും കടന്നുപോകുന്നില്ല.

സത്യാനന്തര കാല വൈജ്ഞാനികത തന്നെ ജ്ഞാന വ്യവസായത്തിന്റെ വ്യത്യസ്ത സെഗ്മന്റുകള്‍ മാത്രമാണ്. അതിലെ വൈരുദ്ധ്യങ്ങളാണവയെ ചലനാത്മകമായി നിലനിര്‍ത്തുന്നതു തന്നെയും. ഒരുദാഹരണം പറഞ്ഞാല്‍ ഇസ്ലാമോഫോബിയ ഒരു മാര്‍കറ്റ്‌ സെഗ്മെന്റാണ്. ഒപ്പം ഇസ്ലാമിക് സ്വത്വരാഷ്ട്രിയവും. ഇതു പ്രത്യക്ഷമായ കാര്യം. പാന്‍ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളുമായി ഉള്ള അതിസങ്കിര്‍ണ്ണവുമായ ആയുധക്കച്ചവടബന്ധങ്ങള്‍ നിരന്തരം മാറിമറിയുന്ന അതിന്റെ സ്വഭാവം കൊണ്ടുതന്നെ ഏതാണ്ടു വിശകലനാതീതവുമാകുന്നു.

ഹിന്ദു മതരാഷ്ട്രവാദത്തിന്റെ രാഷ്ട്രീയ ഭരണകൂട രൂപങ്ങളുമായി ഉള്ള അതിന്റെ സൌഹൃദം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത്രകണ്ടു സന്നിഗ്ദ്ധതകള്‍ ഒന്നും പേറുന്നതല്ല, അതു പ്രകടമാണ്. ഇസ്ലാം എന്ന അപരത്തെ നിര്‍മ്മിക്കാനായി മുതലാളിത്തം നടത്തിയ ആഗോള നിക്ഷേപത്തിന്റെ പലിശ ഹിന്ദുത്വ വാദികള്‍ക്കും ലഭ്യമാണ്. ഒപ്പം ഇതേ വൈജ്ഞാനിക വ്യവസായം ഉല്‍പാദിപ്പിക്കുന്ന ഹിന്ദു വിജ്ഞാനവും, ഇസ്ലാമിക വിജ്ഞാനവും അവയുടെ അനുബന്ധ ചിഹ്ന വ്യവസായവും ഒക്കെയും അവര്‍ ആ ആഗോള ചരടില്‍ കോര്‍ത്തിരിക്കുന്നു.