#നിരീക്ഷണം

മാതൃഭൂമി കഥാമൽസര വിവാദം കദനമോ കലാപമോ?

തങ്ങൾക്കു ശേഷം പ്രളയമെന്നു കരുതും. തങ്ങളുടെ നിഴലിൽ ഒരു പുൽക്കൊടി പോലും വളരരുത് എന്നു ശഠിക്കും.

തമ്പുരാക്കന്മാർ എന്നും അങ്ങിനെയൊക്കെ തന്നെയായിരുന്നു. നാടു വാഴുന്നോർ മാത്രമല്ല. സാഹിത്യത്തിലേയും സിനിമയിലേയുമൊക്കെ സാമന്തരാജാക്കന്മാരും. അവരെ കുടിവെച്ചു പൂവിട്ടു പൂജിക്കാൻ സ്ഥാപനങ്ങൾ, തിരുവായ്‌ക്കെതിർ വായില്ലെന്നു പറയാൻ സ്തുതിപാഠകർ... എല്ലാം ഉണ്ടാകും. അതും പതിവു വഴക്കങ്ങൾ. Status quo നിലനിന്നു പോകുന്നത് അങ്ങിനെയൊക്കെയാണ്.

എന്നാലും അതോടൊപ്പം കള്ളവിഗ്രഹങ്ങളെ കല്ലെറിഞ്ഞുടയ്ക്കുന്നവരും ഞങ്ങളെ വേണ്ടാത്ത നിങ്ങളെ ഞങ്ങൾക്കും വേണ്ടെന്നു പറഞ്ഞു സ്വന്തം വഴി തേടിപോയവരും എന്നും ഉണ്ടായിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുതിയ വഴികൾ വെട്ടുന്നവർ ഇങ്ങനെയുള്ളവരാണ്. കൊള്ളരുതായ്മകളോടുള്ള എതിർപ്പിന്റെ അഗ്നി മനസ്സിൽ സൂക്ഷിക്കുന്നവർ. കാലമായിട്ടും പടിയിറങ്ങാത്ത ആസ്ഥാന കടൽക്കിഴവരെ വെല്ലുവിളിക്കുന്നവർ. കലാപകാരികൾ. ഉശിരുള്ള ചുണക്കുട്ടികൾ.

കേരളത്തിലെ സാംസ്ക്കാരിക ചരിത്രം ഇങ്ങനെയുള്ള ചെറുപ്പങ്ങളുടെ കൂടെ കഥയാണ്. സ്ഥാപനവത്കൃതമായതിനെ വെല്ലുവിളിക്കാൻ തയ്യാറായവർ എന്നും ഇവിടെയുണ്ടായിട്ടുണ്ട്. നമ്മുടെ സമാന്തരപ്രസാധന സംരഭങ്ങളുടെ കഥ മാത്രം എടുത്തു നോക്കിയാൽ മതി, വ്യവസ്ഥാവിരുദ്ധത എത്ര സജീവവും ഊർജ്ജസ്വലവുമായ സാനിധ്യമായിരുന്നു ഈ ചരിത്രത്തിലെന്നു മനസ്സിലാക്കാൻ.