#നിരീക്ഷണം

ഡാറ്റ സയൻസ്: The sexiest job of the 21st Century

ഏതാനും വർഷങ്ങൾക്കു മുൻപ് ഹാർവാർഡ് ബിസിനസ്സ് സ്കൂൾ നമ്മുടെ നൂറ്റാണ്ടിന്റെ ഏറ്റവും ആകർഷകമായ ഒരൊറ്റ ജോബിനെ കുറിച്ചെഴുതിയിരുന്നു. ‘The sexiest job of the 21st century‘ ആയി അവരും പിന്നീടു പഠനങ്ങൾ നടത്തിയ പല അന്തർദേശീയ മാധ്യമങ്ങളും എത്തിച്ചേർന്നത് ഡാറ്റ സയന്റിസ്റ്റ് എന്ന ജോലിയിലാണ്. ലോകരാജ്യങ്ങളിൽ എമ്പാടും ഈ ജോലിയിൽ നല്ല കഴിവുള്ള ആൾക്കാരെ ആവശ്യമുണ്ട്. പൊന്നും വില കൊടുത്ത് അവരെ സ്വന്തമാക്കാനും അമേരിക്കയിലും യൂറോപ്പിലും കമ്പനികൾ ധാരാളമുണ്ട്.

പക്ഷെ എന്താണ് ഈ ഡാറ്റ സയൻസ് ?? വളരെ ലളിതമായി പറഞ്ഞാൽ നമ്മുടെയെല്ലാം ജീവിതത്തെ തന്നെ, കുറച്ചു ടേബിളുകൾ ആക്കി തിരിച്ചു, നാളെ നാം എന്തു ചെയ്യുമെന്നോ, എന്തു ചെയ്യാൻ കൂടുതൽ സാധ്യതയുണ്ടെന്നോ ഒക്കെ മനസിലാക്കാനും ഒരു പക്ഷേ, നമ്മളെക്കാൾ അധികമായി നമ്മളെ തന്നെ മനസ്സിലാക്കാനും കഴിയുന്ന ഒരു ശാസ്ത്ര ശാഖയാണിത്. കൺഫ്യൂഷനായോ ?? ഒരു തവണ ആമസോണിൽ കയറി ട്രെൻഡി ആയ ഒരു ഷൂ വിഷ്‌ലിസ്റ്റിൽ ഇട്ടു കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ എവിടെയെല്ലാം നോക്കിയാലും അത്തരത്തിലുള്ള ഷൂകളുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നതായി നിങ്ങൾക്കു തോന്നാറുണ്ടോ ?? തീർച്ചയായും ഉണ്ട്. നാം പൂർവകാലങ്ങളിൽ ഇന്റർനെറ്റിലും മൊബൈലിലും സെർച്ചു ചെയ്ത രീതിയും നാം പോയ വഴികളും എല്ലാം റെക്കോർഡഡ് ആണ്, എല്ലാം നമ്പറുകളായി, ഡാറ്റയായി ശേഖരിയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

ടീവിയിൽ പണ്ടു നാം സിനിമക്കിടയിൽ കാണുന്ന പരസ്യങ്ങൾ നിങ്ങളുടെ അപ്പൂപ്പനും മകനും പേരമകനും അമ്മൂമ്മക്കും ഒന്നാണ്. മുട്ടുവേദനയുടെ കഷായത്തിന്റെ പരസ്യവും കിൻഡർജോയ് പരസ്യവും നിങ്ങൾ ഒരുമിച്ചു കാണും.

പക്ഷെ, അതു പരസ്യം തരുന്നവർക്കു നഷ്ടമാണ്. യുവാക്കൾക്കു കഷായം താത്പര്യമില്ലാത്തതു പോലെ, കിന്റർജോയ് അമ്മുമ്മക്കും താൽപര്യമില്ല.