#പരിസ്ഥിതി

കുളം കുത്തൽ : ഒരു മെഗാ സീരിയലിന്റെ അനുഭവക്കുറിപ്പ്

കുളം നിന്ന സ്ഥലത്തിന്റ് ആദ്യചിത്രവും കുളം പണി പൂർത്തിയായ ശേഷമുള്ള ചിത്രവും

എന്നാണു നീന്തൽ പഠിച്ചതെന്നോർമയില്ല. പക്ഷേ ഓർമ വെച്ച നാൾ തൊട്ട് വീട്ടിനടുത്തുള്ള പുഴയും പാടവും കുളങ്ങളുമൊക്കെ മനസ്സിലുണ്ട്. വീട്ടിൽ നിന്ന് രണ്ടു മിനിറ്റ് കൊണ്ടെത്താവുന്ന ഇരുവഴിഞ്ഞി പുഴയിലെ കുളിയും നീന്തലും മാറ്റി നിർത്തിയൊരു ദിവസം കുട്ടിക്കാലത്ത് വിരളമായിരുന്നു. മണിക്കൂറുകൾ വെള്ളത്തിൽ ചിലവിടുന്ന അവധി ദിവസങ്ങളായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്. പത്താം ക്ലാസ് കഴിഞ്ഞു പഠനവും പിന്നീട് ജോലിയുമൊക്കെ പുറത്തായപ്പോൾ ഏറ്റവുമധികം നഷ്ടബോധം അനുഭവപ്പെട്ടത് ഈ പുഴയും പാടവുമായൊക്കെ ബന്ധപ്പെട്ട ഓർമകളിലായിരുന്നു. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രമായി ഇതൊക്കെ ഒതുങ്ങി.

പ്രകടമായ മറ്റു പല മാറ്റങ്ങളും ഇതോടൊപ്പമുണ്ടായി. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണൽ വാരൽ, പുഴയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ്, ഉൽഭവസ്ഥാനത്തെ ആർത്തി മൂത്ത ഖനനവും മറ്റ് ഇടപെടലുകളും എന്നിവയെല്ലാം ചേർന്ന് ഇരുവഴിഞ്ഞി എന്ന പ്രകൃതിയുടെ അതി മനോഹര വിസ്മയത്തെ നശിപ്പിച്ചു. അതു പുഴയെ എല്ലാ സ്വാഭാവികതയും നഷ്ടപ്പെട്ടു കെട്ടിക്കിടക്കുന്ന മാലിന്യ കൂമ്പാരമായി മാറ്റി. കേരള മാതൃക പിൻപറ്റി വയലുകളും കുളങ്ങളും തോടുകളുമെല്ലാം ഒന്നൊന്നായി നികത്തി തുടങ്ങി. തൊണ്ണൂറുകളിൽ തുടങ്ങിയ ഈ പ്രതിഭാസം രണ്ടു പതിറ്റാണ്ട് പോലും തികയുന്നതിനു മുമ്പ് അതിവേഗം ബഹുദൂരം ലക്ഷ്യം കണ്ടു. ഞങ്ങളുടെ ഗ്രാമത്തിലെ ഏറെക്കുറെ എല്ലാവരും കുളിക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന ഗ്രാമത്തിന്റെ ജീവനാഡി പഴയ പ്രതാപം നഷ്ടപ്പെട്ട് ജനജീവിതത്തിൽ നിന്നും മാറി ഒഴുകുന്ന ജഡമായി മാറി. പണ്ട് അപൂർവങ്ങളിൽ അപൂർവമായി മാത്രം നാട്ടിൽ കണ്ടിരുന്ന നീന്തലറിയാത്തവരുടെ പിൻതലമുറക്കാരായി പുതിയ കുട്ടികളിലെ ഭൂരിഭാഗവും.

പക്ഷേ നാട്ടിലെ ഭേദപ്പെട്ട സാമൂഹിക ബോധവും രാഷ്ട്രീയ സാക്ഷരതയും പരിസ്ഥിതി ചർച്ചകൾ സജീവമാക്കി. നിസ്വാർത്ഥരായ ചില വ്യക്തികളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന പരിസ്ഥിതി ചിന്തകൾ വളരെ പെട്ടെന്ന് ഒരു നാടിന്റെ വികാരമായി മാറി. വയൽ നികത്തൽ പൂർണമായി നിലച്ചു. നികത്തിയ പലതും തിരിച്ച് നെൽകൃഷിയിലേക്കു തന്നെ വന്നു. ഇരുവഴിഞ്ഞിയുടെ അടിസ്ഥാന പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെടാതിരിക്കുമ്പോഴും നാട്ടുകാരുടേയും പൊതു പ്രവർത്തകരുടേയും നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി പുഴ ഏറെക്കുറെ മാലിന്യ മുക്തമായി. കുളങ്ങളും തോടുകളും തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ സജീവമായി. നാട്ടിലെ വിവിധ സംഘടനകൾ, വ്യക്തികൾ, മുനിസിപ്പാലിറ്റി, കൃഷി ഭവൻ അധികൃതർ തുടങ്ങിയവർ പല രീതിയിലും തങ്ങളുടേതായ ഇടപെടലുകൾ നടത്തിയപ്പോൾ അതൊരു വലിയ മുന്നേറ്റമായി മാറി.

ഈ സമയത്താണ് 25 വർഷം മുമ്പ് നികത്തി കവുങ്ങ് കൃഷിയിലേക്ക് മാറിയ ഒരു പഴയ വയലിൽ ഗ്രൗണ്ട് ഉണ്ടാക്കുന്ന ചർച്ച നാട്ടിൽ സജീവമാവുന്നത്. പൂർണാർത്ഥത്തിൽ ഒരു ഗ്രൗണ്ട് ആക്കി മാറ്റുന്നതോടെ ഏതെങ്കിലും ഒരു കാലത്ത് തിരിച്ച് വയലാക്കാനുള്ള സാധ്യത പോലും കൊട്ടിയടക്കപ്പെടും. സമീപ കണ്ടങ്ങളിലെ നെൽ കൃഷിക്കാണെങ്കിൽ ഇതു മരണ മണിയുമായി മാറും. സ്വാഭാവികമായും നാട്ടിലെ പരിസ്ഥിതി പ്രവർത്തകർ അടക്കമുള്ള വലിയൊരു വിഭാഗം എതിർപ്പുന്നയിച്ചു. ശക്തമായ എതിർപ്പു കാരണം പദ്ധതി തൽക്കാലം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും പാടം/പൊയിൽ നികത്തി ഗ്രൌണ്ടെന്ന ആശയം ഇടക്കിടെ പൊങ്ങി വന്നു. നാട്ടിലെ വാട്ട്സ് ആപ് ഗ്രൂപ്പുകളിലും പുറത്തും പലപ്പോഴും ഈ വിഷയം ചർച്ചയായി. പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നായപ്പോൾ ഈ സ്ഥലത്തിനായി മുതൽ മുടക്കിയവർക്കു പദ്ധതിയോടുള്ള താൽപര്യം നഷ്ടപ്പെട്ടു. കറങ്ങി തിരിഞ്ഞ് ഇതിലൊരു ഭാഗം സ്ഥലം ഉമ്മയുടെ കൈവശമെത്തി. സ്ഥലം ഉമ്മയുടെ പേരിലായപ്പോൾ മനസ്സിലുണ്ടായിരുന്ന ചിരകാലസ്വപ്നം വീട്ടിലവതരിപ്പിച്ചു. അവിടെയൊരു കുളം ഉണ്ടാക്കാം. പണ്ട് ചെറിയൊരു കുളം ഉണ്ടായിരുന്ന സ്ഥലമായതു കൊണ്ട് കുഴിച്ചാൽ വെള്ളമുണ്ടാവാൻ സാധ്യതയുണ്ട്. പരിസ്ഥിതി വാദത്തോടൊന്നും പറയത്തക്ക ആവേശമില്ലെങ്കിലും നാട്ടിലെ പഴയ കുളങ്ങളുടെ ഗൃഹാതുര ഓർമകളും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരാശയമെന്ന നിലയും സമ്മതം മൂളാൻ എല്ലാവരേയും പ്രേരിപ്പിച്ചു.