#ശബരിമല

ബാബറി പള്ളി മറന്നേക്കുക; അവർ ഭൂരിപക്ഷ വിശ്വാസികൾക്കൊപ്പമാണ്...

മാധ്യമങ്ങൾ ശബരിമല യുവതീ പ്രവേശനം എന്ന വിഷയം നേരിട്ട് ചര്‍ച്ച ചെയ്യുന്നത് നിര്‍ത്തി. ഇപ്പോഴവ കേന്ദ്രീകരിക്കുന്നത് ഈ വിഷയത്തില്‍ രാഷ്ട്രീയ നേട്ടം ആര്‍ക്കായിരിക്കും, കോട്ടം ആര്‍ക്കായിരിക്കും തുടങ്ങിയ വിഷയങ്ങളിലാണ്. അതില്‍ അസാംഗത്യവുമില്ല. കാരണം യുവതീ പ്രവേശന വിഷയം നാം ഏതാണ്ട് സമഗ്രമായി തന്നെ ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഈ വിവാദം കൊണ്ടു രാഷ്ട്രിയ നേട്ടം ഉണ്ടാവുക ഏതു മുന്നണിക്കാവും എന്നത് അപ്രധാനമായ ഒരു വിഷയവുമല്ല. പക്ഷെ ഒരു പ്രശ്നമുണ്ട്. ചര്‍ച്ചകളുടെ ആദ്യഘട്ടം സംഭാവന ചെയ്ത ബോധ്യങ്ങളെ ഫലത്തില്‍ അപ്രസക്തമാക്കിക്കൊണ്ടാണ് രണ്ടാം ഘട്ടം പുരോഗമിക്കുന്നത് എന്നതാണത്.

ഒരു കാര്യം ഇതിനോടകം തന്നെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവണം. അത് വനിതാ ആങ്കര്‍മാരെ മാറ്റി നിര്‍ത്തിയാല്‍ ഈ വിഷയത്തില്‍ യുവതി പ്രവേശനത്തിനനുകൂലമായ നിലപാട് കൈക്കൊള്ളുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്ത ഒരാള്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിലാഷ് ആണ്. കൈരളിക്കു പാര്‍ട്ടി ചാനല്‍ എന്ന ടാഗ് ഉള്ളതുകൊണ്ട് അതിനെ മാറ്റി നിര്‍ത്തുന്നു.

അവര്‍ തന്നെയും രണ്ടാം ഘട്ടമെത്തുമ്പോള്‍ നിലപാട് മയപ്പെടുത്തുന്നുണ്ട്. ഇതിന്റെ രാഷ്ട്രീയ നേട്ടം ആര്‍ക്കായിരിക്കും എന്ന വിഷയത്തില്‍ ചാനലുകള്‍ക്കു നിലപാടുണ്ടാവേണ്ട കാര്യമില്ല. അതല്ല പറഞ്ഞുവരുന്നത്. ഈ രണ്ടാം ഘട്ടത്തിലും യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ പഴയ യുക്തികളും വാദങ്ങളും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവയെ ഇക്കുറി ആദ്യത്തെപ്പോലെ അര്‍ജ്ജവത്തോടെ അവര്‍ നേരിടുന്നില്ല എന്നതാണ്. ഇതിലൂടെ സംഭവിക്കുന്നതെന്താണ്?