#ശബരിമല

കത്തെഴുതി തൃപ്തി വന്നത് ആരുടെ സംതൃപ്തിക്കായി?

തൃപ്തി ദേശായി

തൃപ്തി ദേശായി എന്ന മഹാരാഷ്ട്രക്കാരി യുവതി ലിംഗനീതിക്ക് വേണ്ടി പൊരുതുന്ന ഒരു ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് ആണ്. ശനി ഷിഗ്നാപൂർ ക്ഷേത്രത്തിലും കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും ത്രൈയ്യംബകേശ്വര ശിവക്ഷേത്രത്തിലും ഒക്കെ ഉണ്ടായിരുന്ന വനിതാ പ്രവേശന വിലക്കുകൾക്കെതിരെ പൊരുതി അവിടെ കയറിയ യുവതിയാണ്.

മുംബൈയിലെ ഹാജി അലി ദർഗയിലും അവർ ലിംഗനീതിയുടെ യുക്തി ഉയർത്തിപ്പിടിച്ച് കയറി ചെന്നു. ഇതിന്റെയൊക്കെ ഭാഗമായി നിരവധി ആക്രമണ, വധഭീഷണികൾ ഉണ്ടായിട്ടും കൂസാതെ പൂണെയിൽ ആക്റ്റിവിസ്റ്റ് ജീവിതം തുടരുന്നു. അവർ ഒരു കടുത്ത ദൈവവിശ്വാസിയും ഗാഗാങ്കിരി മഹരാജിന്റെ ഭക്താനുയായിയും ആണെന്ന് അവരുടെ ഭർത്താവ് സാക്ഷ്യപ്പെടുത്തുന്നു.

ഇത്രയും കാര്യങ്ങൾ വിക്കിപീഡിയയിൽ തിരഞ്ഞാൽ കിട്ടും. ഒപ്പം അവർ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് എത്തുന്നു എന്ന അപ്ഡേറ്റുമുണ്ട്.

തീർച്ചയായും വിശ്വാസിയായ തൃപ്തി ദേശായിക്ക് ശബരിമല സന്ദർശിക്കാനുള്ള അവകാശമുണ്ട്. ആക്റ്റിവിസ്റ്റുകളെ കയറ്റില്ല എന്ന കടകമ്പള്ളി വിധിയും കൊണ്ട് അവരെ തടഞ്ഞാൽ കോടതി അലക്ഷ്യത്തിന് ഉത്തരം പറയേണ്ടിവരും എന്നതും ഉറപ്പ്. സ്വാഭാവികമായും സർക്കാർ മറ്റ് ഭക്ത യുവതികൾക്കായി ഇതുവരെ ചെയ്തുപോന്ന കാര്യങ്ങൾ അവർക്കായും ചെയ്യേണ്ടി വരും എന്നും നിശ്ചയം.