കിസാൻ മുക്തി മാർച്ച്: മാറ്റം എന്ന പ്രതീക്ഷ

29 Nov, 2018

ദില്ലിയിലെ രാം ലീല മൈതാനം ഒരുങ്ങുകയാണു. ബുധനാഴ്ച മുതൽ അവിടെയാ ഒരുക്കങ്ങൾ കാണാം. താരനിശയ്ക്കോ, മത കൺവെൻഷനോ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനത്തിനോ ആയല്ല ഈ തയ്യാറെടുപ്പുകൾ. ദില്ലി നഗരം ഒരുങ്ങുന്നത് ബ്രിജ്വാസനിൽ നിന്നും എത്തുന്ന കൂറ്റൻ കർഷക റാലിയെ വരവേൽക്കാനാണു.

ദ്വിദിന കിസാൻ മുക്തി മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത് ഇരുനൂറോളം കർഷക സംഘടനകൾ ചേരുന്ന അഖിലേന്ത്യാ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റിയാണു. പ്രസ്തുത എ ഐ കെ എസ് സി സിയാവട്ടെ ഇടതുപക്ഷവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സംഘടനയും. എന്നാൽ ഈ കർഷക മാർച്ചിനെ സ്വീകരിക്കാൻ ദില്ലിയിൽ നടക്കുന്ന തയ്യാറെടുപ്പുകൾക്ക് അങ്ങനെയൊരു സംഘടിത രാഷ്ട്രീയ സ്വഭാവമില്ല. സ്ക്രോൾ ഇൻ റിപ്പോർട്ട് ചെയ്യുന്നതു പോലെ വിദ്യാർത്ഥികളും ഡോക്ടർമാരും അടങ്ങുന്ന സന്നദ്ധ സേവകരുടെ ഒരു സംഘമാണു അത് ഏറ്റെടുത്തിരിക്കുന്നത്.

ഈ വർഷം തന്നെ ഇത്തിരി മുമ്പ്, മാർച്ചിൽ നടന്ന കർഷക മാർച്ചിനും സമാനമായ ഒരു വരവേൽപ്പ് മുംബൈ നഗരവാസികൾ നൽകിയത് നാം കണ്ടു. ഓട്ടോറിക്ഷാ തൊഴിലാളികളുടെ സംഘടന ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക സംഘടനകളും, പ്രദേശ വാസികളും ചേർന്ന് വെള്ളകുപ്പികളും ഭക്ഷണപ്പൊതികളുമായി ആ റാലിയെ വരവേറ്റ കാഴ്ച ഹൃദയസ്പർശിയായ ഒന്നായിരുന്നു; മനുഷ്യ നന്മയിൽ അചഞ്ചല വിശ്വാസത്തിനു പ്രേരിപ്പിക്കുന്ന ഒന്ന്.