പശു: മതേതരത്വത്തിന്റെ അബോധഭയങ്ങളിൽ മേയുന്ന ഹിംസ്രജന്തു

Picture Courtesy: Catch News

05 Dec, 2018

പശുരാഷ്ട്രീയം ബി ജെ പിയിൽ തുടങ്ങുന്നതൊന്നുമല്ല. അതിപ്പോൾ ഹിന്ദുത്വരാഷ്ട്രീയവുമല്ല. മറിച്ച് പശുവില്ലാതൊരു ഹിന്ദുത്വവാദമില്ല, ബിജെപിയുമില്ല എന്നതാണു വസ്തുത. നാല്പതുകളിൽ ദില്ലിയിലും കൽക്കട്ടയിലും നാഗ്പൂരിലും ഒക്കെയായി നിരവധി ‘ഗോഹത്യാ‘പ്രേരിത കലാപങ്ങൾ നടന്നിരുന്നു.

അൻപതുകളിൽ തെല്ല് ശമിച്ച കലാപങ്ങൾ അറുപതുകളിൽ വീണ്ടും വ്യാപകമാവുന്നു. തുടർന്ന് ദേശത്താകമാനം സമ്പൂർണ്ണ ഗോവധനിരോധനം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറോളം എം പി മാർ ഒപ്പിട്ട ഒരു നിവേദനം 1966ൽ മുമ്പോട്ട് വയ്ക്കപ്പെട്ടിരുന്നു. അതിന്റെ ചുവടു പിടിച്ച് സന്യാസിമാരുടെ നേതൃത്വത്തിൽ ദില്ലിയിൽ നടന്ന ഒരു ഗോരക്ഷാ മാർച്ച് അക്രമാസക്തമാവുകയും നിരവധി മനുഷ്യർ കൊല്ലപ്പെടുകയും ചെയ്തു. ദില്ലി നഗരത്തെ ഇളക്കിമറിച്ച പ്രസ്തുത കലാപസമരത്തെ കുറിച്ച് വി കെ എൻ തന്റെ അധികാരം എന്ന നോവലിൽ പ്രതിപാദിക്കുന്നുണ്ട്.