#മതരാഷ്ട്രീയം

കലാപങ്ങളുടെ വാസ്തുവിദ്യ

06 Dec, 2018

2014മുതൽ ഇങ്ങോട്ടുള്ള കാലത്ത് ഇന്ത്യയിൽ ഉണ്ടായ ഒരു പ്രധാന മാറ്റം അന്നു വരെ ഒരു സാധുജീവിയായി പരിഗണിക്കപ്പെട്ടിരുന്ന പശു ഒരു ഭീകര ജീവിയായി മാറി എന്നത് മാത്രമല്ല. എന്നാൽ ഒരു രൂപകം എന്ന നിലയിൽ ഹിംസ്രജന്തു പരിവേഷം ആർജ്ജിച്ച പശു എന്നത് ഒരു ചെറിയ മാറ്റമല്ല താനും.

2015ൽ മുഹമ്മദ് അഖ്ലാഖ് എന്ന മനുഷ്യനെ ഒരാൾക്കൂട്ടം വീട്ടിൽനിന്ന് വിളിച്ചിറക്കി തല്ലിക്കൊന്നു. ബീഫ് കൈവശം വച്ചു എന്നാരോപിച്ചായിരുന്നു ആൾക്കൂട്ടം ശിക്ഷ നടപ്പാക്കിയത്! പ്രത്യക്ഷത്തിൽ തന്നെ ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തോട് ബിജെപി സർക്കാരിലും പാർട്ടിയിലും പെട്ട വ്യക്തികൾ വ്യത്യസ്ത നിലപാടാണെടുത്തത്. ദീർഘകാലം മിണ്ടാതിരുന്നിട്ടാണു പ്രധാനമന്ത്രി പ്രസ്തുത വിഷയത്തിൽ ഒരു അഴകൊഴമ്പൻ പ്രതികരണമെങ്കിലും നടത്തിയത്.

കേരളത്തിലെ ബി ജെ പി നേതാക്കൾ പക്ഷെ ആദ്യം മുതൽക്കേ സംഭവത്തിലെ കർതൃത്വം കയ്യൊഴിയുന്ന നിലപാടാണെടുത്തത്. കുറെ ‘ഗുണ്ട‘കൾ അവർക്ക് തോന്നിയതുപോലെ എന്തൊക്കെയോ ചെയ്തതിനു ബി ജെ പി എന്തുവേണം എന്ന നിലപാട്. നിങ്ങളുടെ പാർട്ടിയിലും സർക്കാരിലും ഉള്ള മറ്റ് പലർക്കും ഈ നിലപാടല്ലല്ലോ എന്ന് ചോദിച്ചാൽ അത് ഞങ്ങളുടെ പാർട്ടിയുടെ ജനാധിപത്യ സ്വഭാവത്തിന്റെ ഭാഗമാണു എന്നും പറയും. അത് എന്തായാലും ആ സംഭവം കഴിഞ്ഞു. കുറെ പേർ അറസ്റ്റ് ചെയ്യപ്പെട്ടു.