#മതരാഷ്ട്രീയം

ഹിന്ദുത്വ രാഷ്ട്രീയമല്ല, മാഫിയ

ഹിന്ദുത്വരാഷ്ട്രീയം പൊതുവിലും 2014 മുതലുള്ള മോഡി ഭരണം പ്രത്യേകിച്ചും ഇന്ത്യൻ ജനാധിപത്യത്തോടു ചെയ്തത് രാഷ്ട്രീയപ്രവർത്തനം എന്നാൽ പ്രത്യക്ഷമായ മാഫിയാ പ്രവർത്തനം തന്നെയാകുന്ന അവസ്ഥയെ ലെജിറ്റിമൈസ് ചെയ്തു എന്നതാണു.

ജനാധിപത്യത്തിലെ രാഷ്ട്രീയപക്ഷങ്ങൾ എന്നാൽ ജനങ്ങളുടെ പൊതുനന്മയിൽ ഊന്നിക്കൊണ്ടുള്ള ഭരണപ്രക്രിയയ്ക്കു വ്യത്യസ്ത രീതിശാസ്ത്രങ്ങളെ മുമ്പോട്ട് വയ്ക്കുന്ന പക്ഷങ്ങൾ എന്നാണു. അവരെ വിഭജിച്ചും തമ്മിൽ തല്ലിച്ചും സ്വന്തം അധികാരത്തെ നിലനിർത്തുന്നതിനെ രാഷ്ട്രീയ പ്രവർത്തനം എന്നല്ല, അധോലോക മാഫിയാ പ്രവർത്തനം എന്നാണു പറയുക. മാഫിയാ സംഘങ്ങൾക്ക് സ്വന്തം അധികാരത്തിന്റെ നിലനിൽപ്പിനും വികാസത്തിനും അപ്പുറം പൊതുനമയിൽ ഊന്നുന്ന സൃഷ്ടിപരമായ ഒരു ബാദ്ധ്യതയുമില്ല. നമ്മുടെ രാഷ്ട്രീയത്തിനും വന്നുവന്ന് അതല്ലാതെ മറ്റൊരു ലക്ഷ്യവും ഇല്ലാതായിരിക്കുന്നു. എന്നു വച്ചാൽ രാഷ്ട്രീയപ്രവർത്തനം മാഫിയാ പ്രവർത്തനമാകുന്നത് ഏതാണ്ട് സാധൂകരിക്കപ്പെട്ടിരിക്കുന്നു.

ബാബറിപള്ളി തകർത്തിട്ട് ഇരുപത്തിയാറു കൊല്ലം തികയുന്നു. അതിലേയ്ക്കു നയിച്ച എൽ കെ അദ്വാനിയുടെ രാമരഥയാത്രയുടെ ഇരുപത്തിയെട്ടാം വാർഷികം കഴിഞ്ഞ മാസം സെപ്റ്റംബറിൽ ആയിരുന്നു. തുടർന്ന് 1995ൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ച ബി ജെ പിയുടെ രാഷ്ട്രീയ രഥയാത്ര ഇന്നത്തെ മോഡി സർക്കാരിൽ എത്തിനിൽക്കുന്നു. ഇന്നു പാർലമെന്റിൽ അവർക്കു മൂന്നിൽ രണ്ടിനടുപ്പിച്ച് ഭൂരിപക്ഷമുണ്ട്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണമുണ്ട്.