#മതരാഷ്ട്രീയം

ഇന്ത്യൻ ജനാധിപത്യത്തിന്റെ വിപരീത പരിണാമം

Picture Courtesy: Public Seminar

നിരന്തരമായ സാമൂഹ്യ-സാംസ്കാരിക പരിണാമങ്ങളിലൂടെ തുല്യനീതിയെന്ന ആശയത്തിന്റെ ആദർശ പരിസരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ വ്യവഹാരത്തെയാണു നാം ജനാധിപത്യം എന്ന സംജ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത്. പൊതുജനം എന്നു പൊതുവിൽ വിളിക്കുന്ന, പ്രത്യേകിച്ച് ഒരു വ്യക്തിഗത മുഖമില്ലാത്ത ഭൗതിക രാഷ്ട്രീയ സാന്നിധ്യം സ്വയം പര്യാപ്തമായി അതിന്റെ അനിവാര്യമായ അധികാരവ്യവസ്ഥയിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന, അതിനെ തിരുത്തിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണത്.

എന്നാൽ ഇന്ത്യൻ ജനാധിപത്യം അങ്ങനെ ഒന്നിലേക്കു തുറക്കുന്നതിനു പകരം ഗോത്രീയവും ഫ്യൂഡലുമൊക്കെയായ സ്വത്വബോധങ്ങളിലേക്കു തിരികെ ആട്ടിത്തെളിക്കപ്പെടുന്ന ചിത്രമാണു വർത്തമാന ജനാധിപത്യം നമുക്കു നൽകുന്നത്. ഇതാവട്ടെ ഈ രണ്ടായിരത്തിലൊ, തൊണ്ണുറുകളിലൊ ഉരുത്തിരിഞ്ഞ ഒരു ചിത്രവുമല്ല.

രാഷ്ട്രീയവും ദാർശനികവുമായ ദീർഘദൃഷ്ടിയുള്ള മനുഷ്യർ ഇതിന്റെ ദിശ പണ്ടേ കണ്ടിരുന്നു. അതു വേണ്ടത്ര അവധാനതയോടെ, അതിലെ താക്കീതുകൾ ഉൾപ്പെടെ വായിക്കുന്നതിൽ നമ്മുടെ ജനാധിപത്യത്തെ ധനാത്മകമായി നയിക്കാൻ ചുമതലപ്പെട്ട അതിന്റെ ജൈവബുദ്ധിജീവികൾക്ക് ഉൾപ്പെടെ കഴിഞ്ഞില്ല എന്നതാണു വസ്തുത.