#രാഷ്ട്രീയം

ബി ജെ പി തോറ്റു, പക്ഷേ പശു തോറ്റിട്ടില്ല

Picture Courtesy: Aaj Tak

അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ അവകാശവാദങ്ങൾ മാറ്റിവച്ചാൽ എന്താണു ലഭിക്കുന്ന സൂചന?

ഈ തിരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ മൂന്നു സംസ്ഥാനങ്ങളിൽ ബി ജെ പിയും ഒരു സംസ്ഥാനത്തു കോൺഗ്രസും ഒരിടത്ത് ടി ആർ എസും അധികാരത്തിലുണ്ടായിരുന്നു. ഇതിൽ ടി ആർ എസ് ഒഴികെ എല്ലാവർക്കും അധികാരം നഷ്ടമാവുകയായിരുന്നു. അതായത് ബി ജെ പിക്കു മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസിന് ഒരു സംസ്ഥാനത്തും ഭരണനഷ്ടം ഉണ്ടായി. തെലുങ്കാനയിൽ ഇരുവർക്കും ഒരു മുന്നേറ്റവും ഉണ്ടാക്കാനായുമില്ല.

കോൺഗ്രസ്സിന്റെ വൻ മുന്നേറ്റം?

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു വൻമുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുവോ? മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിൽ ആകെ 118 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസിന് ഇക്കുറി 282 സീറ്റു ലഭിച്ചു. ഒപ്പം മൂന്നു സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പായി. അത് പരിഗണിക്കുമ്പോൾ ഇക്കുറി ഈ സംസ്ഥാനങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാൻ അവർക്കു കഴിഞ്ഞു എന്നു തന്നെ പറയാം.