#മതരാഷ്ട്രീയം

മുത്തലാഖ് ബില്ലും ഇരുതലയുള്ള കുറെ അനുബന്ധ തമാശകളും...

ലോകസഭയിൽ മുത്തലാഖ് ബിൽ പാസായി. കോൺഗ്രസ്, എഐഡിഎംകെ അംഗങ്ങൾ ബില്ലിനെ എതിർത്തു സഭ ബഹിഷ്കരിച്ചു. സി പി എം ഉൾപ്പെടെ ബാക്കിയുള്ള പ്രതിപക്ഷ കക്ഷികളിൽ മിക്കവാറും ബില്ലിനെ എതിർത്തു വോട്ടു ചെയ്തുവെങ്കിലും പാർലമെന്റിൽ മൃഗീയ ഭൂരിപക്ഷമുള്ള എൻ ഡി എ സർക്കാർ അതു ലളിതമായി പാസ്സാക്കിയെടുത്തു.

എന്താണീ മുത്തലാഖ്? മുസ്ലിം മതവിഭാഗത്തിൽ പെട്ട പുരുഷന്മാർക്ക് ഒന്നിച്ച് മൂന്നുവട്ടം മൊഴി ചൊല്ലി ഭാര്യയെ ഉപേക്ഷിക്കാം എന്നതാണത്. ഇൻസ്റ്റന്റ് ട്രിപിൾ തലാഖ് എന്ന മുത്തലാഖ്  പലപ്പൊഴും ഏകപക്ഷീയവും നിർബന്ധിതവുമായി സ്ത്രീയിൽ അടിച്ചേല്പിക്കപ്പെടുന്നു. എന്നാൽ അതിനെ അനുകൂലിക്കുന്നവർ പറയുന്നതു പോലെ ഒരു ‘സവിശേഷ’ സാഹചര്യത്തിൽ സ്ത്രീകൾക്കു തിരിച്ചു മൂന്നുവട്ടം മൊഴിചൊല്ലി ‘ഇൻസ്റ്റന്റായി’ ഭർത്താവിനെ ഒഴിവാക്കാൻ കഴിയുകയുമില്ല.

ഏറ്റവും വെറുക്കപ്പെട്ട കൃത്യം എന്നൊക്കെ മതം പറയുന്നുണ്ടെങ്കിലും അത് അക്ഷരാർത്ഥത്തിൽ അങ്ങനെതന്നെ നടക്കുന്നുണ്ട് എന്നതാണു മുസ്ളിം സ്ത്രീകളുടെ ജീവിതയാഥാർത്ഥ്യം. അതു സ്ഥാപിക്കുന്ന നിരവധിയായ കേസുകൾ അവർക്കിടയിൽ നിന്നും കണ്ടെത്താനാവും. മാത്രവുമല്ല പുതിയ കാലത്തു മൂന്നു തവണ മെസേജ് അയച്ചുപോലും മൊഴിചൊല്ലുന്ന പതിവുമുണ്ടത്രേ.