#വിശകലനം

2018: നന്ദിപൂർവ്വം ഓർക്കുന്ന ഒരു സെപ്റ്റംബർ വർഷം

രണ്ടായിരത്തി പതിനെട്ട് എന്ന പോയ വർഷത്തെ ഇനി അടയാളപ്പെടുത്തേണ്ടത് ആ ഒരു കൊല്ലക്കാലത്തിനിടയിൽ ഉണ്ടായ നിർണ്ണായകമായ അഞ്ചു കോടതി വിധികളിൽ ആണെന്നു തോന്നുന്നു.

ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെ, തുല്യതയും മതേതരത്വവുമുൾപ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങളുടെ നിരന്തരലംഘനങ്ങളുടെതായ കഴിഞ്ഞ നാലിൽ പരം വർഷങ്ങളുടെ ചരിത്രത്തിൽ ഒരപവാദമായിരുന്നില്ല കഴിഞ്ഞ വർഷവും. എന്നാൽ നമ്മുടെ ജനാധിപത്യം അതിന്റെ ഭരണഘടനാ സദാചാരത്തെ പൂർണ്ണമായും കയ്യൊഴിഞ്ഞിട്ടില്ല എന്നു നമുക്കു നമ്മെ സ്വയം വിശ്വസിപ്പിക്കാൻ പോന്ന ചില സംഭവങ്ങൾ കഴിഞ്ഞ വർഷം ഉണ്ടായി.

അവയൊന്നും ഭരണകൂടത്തിന്റെ വീണ്ടുവിചാരം വഴിയോ, ജനകീയ സമരങ്ങൾ വഴിയോ ഉണ്ടായതല്ല. അതുകൊണ്ടുതന്നെ നമ്മുടെ പൊതുരാഷ്ട്രീയത്തിൽ ഏതെങ്കിലും പക്ഷത്തിനതിൽ അഭിമാനിക്കാൻ വകയുണ്ടെന്ന് തോന്നുന്നില്ല. ഈ ആശ്വാസങ്ങൾ ഒക്കെയും ചില കോടതിവിധികൾ വഴി ഉണ്ടായതാണ്. കോടതി നിലനില്‍ക്കുന്ന ഭരണഘടനയെ വ്യാഖ്യാനിച്ചു വ്യക്തത വരുത്തിയ വഴിയില്‍ വീണുകിട്ടിയ ചില ആശ്വാസവിധികള്‍. അതുകൊണ്ടാണവ സര്‍വ്വപ്രധാനമാകുന്നതും.