#പൊതുപണിമുടക്ക്

വൈ കാണ്ട് യു ഫാസ്റ്റ്? അന്യരെ ബുദ്ധിമുട്ടിക്കാതെ സമരം ചെയ്തുകൂടെ?

ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത സമരം എന്നത് ഒരു ഓക്സിമൊറോൺ ആണ്. ബുദ്ധിമുട്ട് ഉണ്ടാക്കുക തന്നെയാണതിന്റെ ഉദ്ദേശം. അതുകൊണ്ട് ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കാത്ത സമരങ്ങൾ എന്ന ആശയം സമരത്തെ തന്നെ റദ്ദു ചെയ്യുന്നു.

അതു മുമ്പോട്ടു വയ്ക്കുന്നത് അവഗണിക്കാവുന്ന സമരം എന്ന മധ്യവർഗ്ഗ സുഖത്തെ മാത്രമാണ്. സെക്രട്ടറിയേറ്റിന്റെ മുമ്പിൽ ഒരുത്തൻ/ഒരുത്തി നിരാഹാരം കിടന്നാൽ അതു നമ്മളെ ബാധിക്കില്ല. നമ്മൾ അങ്ങോട്ടു തിരിഞ്ഞേ നോക്കില്ല. അതുകൊണ്ടു നമുക്ക് ഒന്നും നഷ്ടപ്പെടുന്നുമില്ല. അതുകൊണ്ടു നമുക്കു കിടക്കേണ്ടി വരാത്തിടത്തോളം കാലം നമുക്കു നിരാഹാരസമരം ഇഷ്ടമാണ്. 

ഒരു സംശയം ചോദിച്ചോട്ടെ. സർക്കാർ ഉദ്യോഗം ഉൾപ്പെടെയുള്ള തൊഴിലുകൾക്കു തൊഴിൽ ദാതാക്കൾ പറ്റുന്ന പ്രതിഫലം കൊടുത്താൽ മതി. അങ്ങനെയെങ്കിലേ സാമൂഹ്യ സുരക്ഷ നിലനിൽക്കുകയും സ്ഥാപനങ്ങൾ ലാഭകരമായി പ്രവർത്തിക്കുകയും ചെയ്യൂ എന്ന ഒരു ദർശനം നിയമമാക്കാൻ വേണ്ടി ഒരാൾ നിരാഹാരം കിടക്കുന്നു എന്നു വയ്ക്കുക.

അയാൾ നീക്കുപോക്കിനു തയ്യാറല്ല. എന്നാൽ അയാളെ മരണത്തിനുപേക്ഷിക്കുക ജനാധിപത്യത്തിനു നിരക്കുന്നതുമല്ല എന്നതിനാൽ സർക്കാർ വഴങ്ങുന്നു. അത്തരം ഒരവസ്ഥയിൽ മദ്ധ്യവർഗ്ഗം തങ്ങളുടെ പ്രതിനിധിയെ അപ്പുറത്തു നിരാഹാരം കിടത്തിയാവുമോ പ്രതികരിക്കുക? കോപ്പാണു നിരാഹാരം, നമ്മൾ നാടു കത്തിക്കും. കത്തിപ്പടരും സമരജ്വാല.