#സംവരണം

സാമ്പത്തികസംവരണത്തെ വായിച്ചുപഠിച്ച് ജാതിസംവരണമാക്കാന്‍ പറ്റുമോ?

Picture Courtesy: velivada.com

10 Jan, 2019

മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്കു പത്തു ശതമാനം സംവരണം നല്‍കുന്ന ബില്ല് ലോകസഭയില്‍ പാസ്സായതിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക സംവരണം എന്ന വിഷയം ചുരുങ്ങിയതു സൈബര്‍ മീഡിയയിലെങ്കിലും വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്.

ഭേദഗതി ബില്ലുകള്‍ പ്രത്യേകിച്ച് ഒരു ചര്‍ച്ചയും പഠനവുമില്ലാതെ പാസ്സാവുമ്പോള്‍ പലരും ചുണ്ടിക്കാണിക്കുന്നതുപോലെ വാസ്തവത്തില്‍ ഭരണഘടന ഒരു നോക്കുകുത്തിയായി തീരുന്നു. എന്നാല്‍ ഒപ്പം മറ്റൊരു കാര്യം കൂടി നാം ആലോചിക്കേണ്ടതുണ്ട്. ഈ ഭേദഗതി ബില്ല്, അതിനോടുള്ള യോജിപ്പും വിയോജിപ്പും ഉള്‍പ്പെടെ ദാര്‍ശനികമോ ആശയപരമോ ആയ എന്തെങ്കിലും ഉള്ളടക്കം പേറുന്നവയാണോ?

സംവരണം ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ഉപാധിയല്ല എന്നു തുടങ്ങി അതിന്റെ ഭരണഘടനാപരമായ സത്തയെയും പ്രസക്തിയെയും കുറിച്ചു കാലാകാലങ്ങളില്‍ നടന്നുവന്നിരുന്ന ചര്‍ച്ചകള്‍, അതിലെ യുക്തികള്‍ ഒക്കെയും ഇപ്പോള്‍ വീണ്ടും ഉയര്‍ന്നുവരുന്നു. പക്ഷെ സംശയം ഇതാണ്. മനുഷ്യരുടെ ജീവിതാവസ്ഥയില്‍ പുരോഗതിയുണ്ടാവണം എന്ന ഏകവും പരമവുമായ ലക്ഷ്യത്തിന്റെ ഭാഗമായാണോ ഈ നീക്കം? അങ്ങനെയെങ്കില്‍ പഠനത്തിനു സാധുതയുണ്ട്. തങ്ങള്‍ വിഭാവനം ചെയ്യുന്ന ലക്ഷ്യം നിറവേറില്ല എന്നു പഠനങ്ങള്‍ തെളിയിച്ചാല്‍ അതിന്റെ വെളിച്ചത്തില്‍ സര്‍ക്കാരിനു മാത്രമല്ല, വ്യത്യസ്ഥ രാഷ്ട്രീയ കക്ഷികള്‍ക്കും നിലപാടു പരിഷ്കരിക്കാം. എന്നാല്‍ അതാണോ ഇപ്പോള്‍ നടക്കുന്ന ഈ അങ്കം?