#രാഷ്ട്രീയം

യു പി വഴി വരുമോ മുങ്ങുന്ന എൻ ഡി എയ്ക്ക് ഒരു കച്ചിത്തുരുമ്പ്...

യുപിയിൽ മായാവതിയും അഖിലേഷ് യാദവും കൈകോർക്കുമ്പോൾ ബി ജെ പിക്ക് അതൊരു വൻഭീഷണിയാകുമെന്നതിൽ തർക്കമില്ല.

മോഡി വിരോധത്തിന്റെ പേരിലാണീ സഖ്യം എന്ന നരേന്ദ്രമോദിയുടെ സ്വയം‘പൊക്കൽ‘ കൊണ്ടൊന്നും ആ വസ്തുത ഇല്ലാതാവില്ല. ‘സഖ്യം ആദർശത്തിന്റെ പേരിലായിരിക്കണം‘ എന്ന തള്ളിലും കാര്യമില്ല. ആദർശത്തിന്റെ പേരിലായിരിക്കണം സഖ്യമെന്ന്! പറയുന്നതാരാ? കലാപങ്ങൾ മുതൽ പച്ചയായ വർഗീയ പ്രചരണങ്ങൾ വരെ ആയുധമാക്കി നടത്തിയ സാമൂഹ്യ ധ്രുവീകരണത്തെ മുതലെടുത്തു നിലനിന്നു പോരുന്ന എൻ ഡി എ സഖ്യത്തിന്റെ തലവനായ പ്രധാനമന്ത്രി!

ഇലക്ഷൻ പ്രഖ്യാപിക്കുന്നതുവരെയുള്ള ദിവസങ്ങളിൽ ഇപ്പോൾ ഇറക്കിയ മുന്നോക്കത്തിലെ പിന്നോക്കത്തിന്റെ സംവരണബില്ല് പോലുള്ള പല ഗിമ്മിക്കുകളും അവർ ഇനിയും ഇറക്കും. മുകളിൽ പറഞ്ഞ പോലുള്ള സാമൂഹ്യധ്രുവീകരണം ലക്ഷ്യമിട്ടുള്ള പരിപാടികളുടെ സാധ്യതയാവട്ടെ തിരഞ്ഞെടുപ്പിന്റെ തലേന്നുവരെയും സജീവമായി ഉണ്ടാവും. എന്നാൽ ഇന്ത്യയിൽ എവിടെയും പ്രതീക്ഷിക്കാവുന്ന അത്തരം ബി ജെ പി സംഘപരിവാർ ഭീഷണികൾക്കും ഉപരി ഇപ്പോൾ യു പിയിൽ ഉണ്ടായിരിക്കുന്ന ഈ സഖ്യം ഉയർത്തുന്ന കൗതുകം അതിൽ ഇല്ലാത്ത ഒരു കക്ഷിയെ മുൻനിർത്തിയാണ്, കോൺഗ്രസിനെ.