#മതരാഷ്ട്രീയം

ഗോഡ്സെ ആർ എസ് എസ് അല്ല, പൂജ ശകുൻ പാണ്ഡെ ഹിന്ദു മഹാസഭയും: വെടിയേറ്റു മരിക്കാൻ ഗാന്ധിജന്മം മാത്രം പിന്നെയും ബാക്കി.....!

ഇന്ത്യയുടെ സാംസ്കാരിക നേതൃരൂപം എന്ന നിലയിൽ ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ അതിജീവന ചരിത്രം വെല്ലുവിളികളില്ലാത്ത ഒന്നൊന്നുമായിരുന്നില്ല. എന്നാൽ എല്ലാ കാലത്തും അത്തരം വെല്ലുവിളികളെ അതിജീവിക്കാൻ പോന്ന ചില സാംസ്കാരിക ബിംബങ്ങളെ അവർക്കു ലഭിച്ചു പോന്നിരുന്നു. അതുകൊണ്ടു തന്നെ ആ അതിജീവന ചരിത്രം സുഗമമായി തുടർന്നു എന്നു മാത്രം.

ബുദ്ധദർശനങ്ങൾക്കു ലഭിച്ച സാമൂഹ്യ, സാംസ്കാരിക അംഗീകാരത്തെ ബ്രാഹ്മണിസം അതിജീവിച്ചത് അതിന്റെ തന്നെ അഹിംസ പോലെയുള്ള ചില മൂല്യങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണെന്ന് അംബേദ്കറെ പോലെയുള്ളവർ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ അതു മാത്രമായിരുന്നില്ല ബ്രാഹ്മണിസത്തിന്റെ അതിജീവന കാരണം. ആദി ശങ്കരനും അയാളുടെ തത്വചിന്താധിഷ്ടിത ബൗദ്ധിക പടയോട്ടവും ഒരു സാംസ്കാരിക നേതൃരൂപം എന്ന നിലയിൽ ഉലയാൻ തുടങ്ങിയ ബ്രാഹ്മണിസത്തിന്റെ പുനരുദ്ധാനത്തിൽ വഹിച്ച പങ്കു നിർണ്ണായകമാണ്.

സമീപ ഭൂതകാലത്തേക്കു വന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തന്നെ നവോത്ഥാനവും അതിന്റെ ഭാഗമായ കീഴാള, സ്ത്രീപക്ഷ ചിന്തയും ശാസ്ത്രവാദവും മാനവികതാവാദവും ഒക്കെ ചേർന്ന് ഹിന്ദുത്വവാദത്തിന്റെ പല സാംസ്കാരിക ആധാരങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങിയിരുന്നു എന്നു കാണാം. ഇവിടെ ബ്രാഹമണിക് ഹിന്ദുത്വത്തിന്റെ രക്ഷകനായി വർത്തിച്ച ഒരു ബിംബമായിരുന്നു ഗാന്ധി. അദ്ദേഹം ആധുനിക ചിന്തയുടെ, മാനവികതയുടെ അടിസ്ഥാന പ്രമാണങ്ങളായ സാഹോദര്യത്തെയും സഹവർത്തിത്വത്തെയും ഉയർത്തിപ്പിടിച്ചു. എന്നാൽ ഹിന്ദുത്വത്തിന്റെ ആധാരശിലയായ ജാതിപ്രമാണങ്ങളെ ചോദ്യം ചെയ്യുമെന്നതിനാൽ തുല്യത എന്ന ആശയത്തെ നിരാകരിച്ചു.