#രാഷ്ട്രീയം

മോഡി ബജറ്റിലെ പൂതിയും തദ്വാരാ വാഗ്ദാനങ്ങളുടെ വിരേചനവും...

ഈ ബജറ്റ് ഒരു സർജിക്കൽ സ്ട്രൈക് തന്നെയായി. കൃത്യം ലക്ഷ്യത്തിൽ മാത്രം പതിക്കുന്നത്. അപ്പുറവും ഇപ്പുറവും ബാധിക്കില്ല. ആദിയെയോ അന്ത്യത്തെയോ തൊടില്ല. കാരണങ്ങളെയോ അതിന്റെ ഭാവിയെയോ തൊടില്ല; കൃത്യം ലക്ഷ്യത്തെ മാത്രം ഭേദിക്കുന്നത്.

തിരഞ്ഞെടുപ്പാണു ലക്ഷ്യം. ആ നിലയിൽ ഉന്നം തെറ്റാത്ത ബജറ്റ്. സമൂഹത്തിന്റെ മദ്ധ്യ, അടിസ്ഥാന വർഗ്ഗങ്ങളുടെ അസ്വസ്ഥതകൾക്കു മുകളിൽ ഒരു ഐസിങ്. മതഭൂരിപക്ഷത്തെ കൈവിടാതിരിക്കാൻ അതിൽ ഗോ മുന്തിരി. സുരക്ഷയ്ക്ക് ആവേശം. ശത്രുപക്ഷത്തിനു സർവ്വവിനാശം. ഉഗ്രമീ ബജറ്റ്.

മദ്ധ്യവർഗ്ഗത്തിനായി നികുതിയിളവ്. ആദായനികുതി പരിധി മൂന്നുലക്ഷമെന്നത് അഞ്ചു ലക്ഷമായി ഉയർത്തി. അതു പക്ഷേ അടുത്ത വർഷം മുതലേ നിലവിൽ വരൂ. മൂന്നു ലക്ഷം പരിധിയെന്നു പറഞ്ഞാൽ മാസം ഇരുപഞ്ചായിരം വരുമാനമെന്നർത്ഥം. കേരളം മാറ്റിവച്ചാൽ തന്നെ ഇന്ത്യയിൽ ഒരു നഗരത്തിലും ഇരുപത്തഞ്ചായിരം മാസവരുമാനമുള്ള ഒരാൾക്ക് അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടെ കോമ്പ്രമൈസ് ചെയ്യാതെ ജീവിക്കാനാവില്ല. അപ്പോൾ ന്യായമായ ഒരു കാര്യമാണിപ്പോൾ നടന്നത്. പക്ഷേ ഇത് ഈ അഞ്ചു വർഷത്തിനുള്ളിൽ സംഭവിച്ചതല്ല. ഇതു നിലവിൽ വരുന്നതാകട്ടെ ഈ വർഷത്തിലുമല്ല.

ബെറ്റർ ലെയ്റ്റ് ദാൻ നെവർ എന്നു മദ്ധ്യവർഗ്ഗം ചിന്തിക്കും. ഇനി അടിസ്ഥാന വർഗ്ഗത്തെ എടുക്കാം. കർഷകർക്കു വർഷം ആറായിരം രൂപ കിട്ടും.അതു മുകളിൽ പറഞ്ഞതുപോലല്ല, ഉടൻ പണമാണ്. പക്ഷേ അവരെ കുത്തുപാള എടുപ്പിക്കുന്ന മറ്റു പ്രശ്നങ്ങൾ, വളം, കീടനാശിനി തുടങ്ങിയവയുടെ വിലനിയന്ത്രണം, കടക്കെണിയിൽ നിന്നുമുള്ള കൃത്യവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരം ഉറപ്പുവരുത്തുന്ന ഒരു പദ്ധതിയും ഇതിലില്ല.