#രാഷ്ട്രീയം

ആവർത്തിക്കുന്ന ഉറിയും പുൽവാമയും പിടഞ്ഞുവീഴുന്ന പട്ടാളക്കാരും: ഇവിടിങ്ങനാണു ഭായി...

ശരിയാണ്. പുൽവാമ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് എ മുഹമ്മദ് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. കൃത്യം നടത്തിയ ആദിൽ അഹമ്മദ് എന്ന കഷ്മീരി യുവാവ് ഒരു വർഷം മുമ്പ് ഏതാനും സുഹൃത്തുക്കൾക്കൊപ്പം നാട്ടിൽ നിന്നും അപ്രത്യക്ഷനായി എന്നും അവർ പാകിസ്ഥാൻ കേന്ദ്രമാക്കി കാശ്മീരിൽ പ്രവർത്തിക്കുന്ന ജെയ്ഷ് എ മുഹമ്മദെന്ന തീവ്രവാദി സംഘത്തിൽ ചേർന്നുവെന്നും വാർത്തകളുണ്ട്. അയാൾ പ്രസ്തുത കൃത്യം നടത്തുന്നതിനു തൊട്ടുമുമ്പു പുറത്തുവിട്ട വീഡിയോ ഉണ്ട്.

ശരിയാണ്. മുഹമ്മദിന്റെ സൈന്യം എന്ന് അർത്ഥം വരുന്ന ജെയ്ഷ് എ മുഹമ്മദ് എന്ന പേരിൽ പ്രവർത്തിക്കുന്ന ആ സംഘടന ഇന്ത്യൻ ഭരണകൂടത്തിന്റെയോ ബി ജെ പിയുടെയോ കീഴിലല്ല. അതുകൊണ്ടു തന്നെ അവർ ആവശ്യപ്പെടുമ്പോൾ ജേയ്ഷ് എ മുഹമ്മദ് ആക്രമണം നടത്തും എന്നു കരുതാനാവില്ല.

ശരിയാണ്. മനുഷ്യന്റെ ക്രിമിനൽ ഇന്റലിജെൻസിന്റെ വ്യാപ്തിയെ പൂർണ്ണമായും സ്തംഭിപ്പിക്കാൻ പോന്ന ഒരു ഇന്റെലിജെൻസ്, സെക്യൂരിറ്റി സിസ്റ്റം എന്നതു പ്രായോഗികമായി സാധ്യമല്ല. സെപ്റ്റംബർ 11 ആക്രമണം നടന്നത് അമേരിക്കയിൽ ഇന്റെലിജെൻസും സെക്യൂരിറ്റി സിസ്റ്റവും ഒന്നും ഇല്ലാഞ്ഞിട്ടല്ല.

ഈ ശരികളെയെല്ലാം ശരിയായി അംഗീകരിക്കുമ്പോഴും മറ്റു ചില കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അമേരിക്കയിൽ സെപ്റ്റംബർ 11 സംഭവത്തിനു ശേഷം അതേ വ്യാപ്തിയിലുള്ള മറ്റൊന്നു നടന്നിട്ടില്ല. എന്നാൽ 2016നു ഉറിയിലെ സൈനിക ക്യാമ്പിൽ ഇതേ ജെയ്ഷ് എ മുഹമ്മദ് തീവ്രവാദികൾ നുഴഞ്ഞുകയറി പതിനേഴോളം സൈനികരെ വധിച്ചിരുന്നു. അന്നും കനത്ത സുരക്ഷാവീഴ്ച എന്നാണു നാം സംഭവത്തെ വിലയിരുത്തിയത്. അന്നു നാലു ചാവേർ തീവ്രവാദികൾ ക്യാമ്പിൽ നുഴഞ്ഞു കയറിയെങ്കിൽ ഇന്ന് ഒരു ചാവേർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി നാല്പത്തിയഞ്ചു സൈനികരെ വധിച്ചു. വീണ്ടും നാം സുരക്ഷാവീഴ്ചയെന്നു വിലപിക്കുന്നു.