#മതരാഷ്ട്രീയം

“സമാധാനത്തിനായി യുദ്ധം ചെയ്യുന്നതു കന്യകാത്വം നിലനിർത്താനായി ഭോഗിക്കുന്നതുപോലെയാണ്”

കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ പേര് നസീർ എന്നാണ്, മറ്റൊരാൾ നിതിൻ. ഒന്ന് എന്റെ പേരുള്ള ഒരാൾ, മറ്റേത് എന്റെ മകന്റെ പേരുള്ളയാൾ. അച്ഛനും, മകനും, ഭർത്താവും എല്ലാം നഷ്ടപെട്ട ആ കുടുംബങ്ങളോടു ഹൃദയത്തിന്റെ ഭാഷയിൽ ഓരോ ഭാരതീയനും ചേർന്നു നിൽക്കേണ്ട സമയമാണ്.

ഇന്ത്യൻ സൈനികരെ ഭീകരാക്രമണത്തിലൂടെ കൊന്നതിനു പകരം വീട്ടാനായി പാകിസ്താനോടു യുദ്ധം ചെയ്യാൻ പോകണം എന്നോ, പോകണ്ട എന്നോ ഞാൻ അഭിപ്രായപെടാൻ പോകുന്നില്ല. കാരണം മണ്ണു പറ്റുന്നത് എന്റെ ഇറച്ചിയിൽ അല്ലാത്തിടത്തോളം കാലം യുദ്ധം യുദ്ധം എന്നു കാഹളം മുഴക്കാൻ വളരെ എളുപ്പമാണ്. രാഷ്ട്രീയത്തിനു വേണ്ടി പോലും ഈ സംഭവം ഉപയോഗിക്കപ്പെടാം.

ചുരുക്കം ചില സുഹൃത്തുക്കൾ ഒഴിച്ചു പാകിസ്ഥാനും ആയി യുദ്ധം പ്രഖ്യാപിക്കണം എന്ന് ആവേശപൂർവം ആഹ്വാനം ചെയുന്ന ആരുടേയും മകനോ മകളോ അമ്മയോ അച്ഛനോ സഹോദരനോ സഹോദരിയോ ഭാര്യയോ ഭർത്താവോ ഒന്നും അതിർത്തിയിൽ യുദ്ധം ചെയ്യുന്നില്ല. പലർക്കും യുദ്ധം ഒരു ടീവി ഷോ പോലെയാണ്. ആരൊക്കെയോ പോരടിക്കുന്നു, ആരൊക്കെയോ മരിക്കുന്നു, വീട്ടിൽ ഇരുന്ന് നമ്മുടെ രക്തം തിളക്കുന്നു.