#മതരാഷ്ട്രീയം

ഗംഭീർ, കങ്കണ, ശങ്കർ റായി: വയറിളകുന്ന വീരസ്യങ്ങളുടെ പലതരം വളികൾ......

ഭീകരാക്രമണത്തിന്റെ വാർത്ത പുറത്തുവന്നതു മുതൽകു തന്നെ തിരിച്ചടിക്കണം എന്ന മുറവിളിയും ഉയരുന്നുണ്ട്. ഇനി നേരിടേണ്ടതു മേശയ്ക്കു ചുറ്റുമിരുന്നല്ല, രണഭൂമിയിൽ വച്ചു വേണം എന്നു വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീർ പറയുന്നതു നാം കേട്ടു. കങ്കണ റാവത്ത് എന്ന നടി ഒരു പടി കൂടി കടന്ന് ഇനിയും സമാധാനത്തെക്കുറിച്ചു സംസാരിക്കുന്നവരെ റോഡിലിട്ടു തല്ലണം എന്നു പറഞ്ഞു. ഒടുവിലിതാ ഒരു മുൻ സൈനികമേധാവി തിരിച്ചു ചാവേറാക്രമണം നടത്തണം എന്നു പറയുന്നു.

ചുരുക്കി പറഞ്ഞാൽ യുദ്ധം, അല്ലെങ്കിൽ മറു ചാവേറാക്രമണം. ഇതിൽ കുറഞ്ഞ ഒന്നുകൊണ്ടും മുറിവേറ്റ ദേശസ്നേഹികളെ തൃപ്തിപ്പെടുത്താനാവില്ല. അതുകൊണ്ടു നമുക്ക് എല്ലാ സാധ്യതകളും പരിശോധിക്കാം.

ആൾബലം കൊണ്ടോ, ആയുധബലം കൊണ്ടോ, സമ്പത്തു കൊണ്ടോ, സാങ്കേതികവിദ്യ കൊണ്ടോ ഇന്ത്യയെ വെല്ലാൻ പോന്ന ഒരു രാജ്യമല്ല പാകിസ്ഥാൻ. അവരിപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണെന്നാണു കേൾക്കുന്നതും. പക്ഷേ അതുകൊണ്ടൊന്നും ഒരു യുദ്ധത്തിൽ വിജയിക്കുക എളുപ്പമാവുന്നില്ല. അതു നാം അമേരിക്കയുടെ ഇറാഖ് ആക്രമണ വേളയിൽ കണ്ടതാണ്.

ഇറാഖ് അമേരിക്ക യുദ്ധത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ഇവിടെ ബാധകമല്ല എന്നാവും അപ്പോൾ മറുവാദം. പക്ഷേ അതു സമ്മതിച്ചാൽ തന്നെയും അവരുടെ പക്കലും അണുവായുധവും മിസൈലുകളും ഉണ്ട് എന്നതോർക്കണം. അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തി പിന്തുണ ഉറപ്പാക്കിയല്ലാതുള്ള ഏകപക്ഷീയമായ യുദ്ധങ്ങൾ ഉണ്ടാക്കുന്ന വെല്ലുവിളികൾ വേറെ. അടിസ്ഥാനപരമായി നമ്മുടെ സുരക്ഷാവീഴ്ചകൊണ്ടു വിജയിച്ച ഈ ഒറ്റയാൾ ഭീകരാക്രമണം മാത്രം മുൻനിർത്തി അയൽരാജ്യത്തെ ആക്രമിക്കാൻ അന്താരാഷ്ട്ര സമ്മതി ലഭിക്കുക എന്നത് ഏതാണ്ട് അസാധ്യം തന്നെയാണ്.