#മതരാഷ്ട്രീയം

പ്രയോജനവാദികളാവുക!

അതിർത്തിയിലായിരുന്നെങ്കിൽ നിങ്ങളിങ്ങനെ കൊല വിളിക്കുമൊ എന്ന ചോദ്യമൊക്കെ കേൾക്കാൻ സുഖമുണ്ട്. പക്ഷേ അതിനൊരു ഉത്തരം തേടിയാൽ ആ സുഖം വെറും ആവിയാവും.

ഒട്ടുമിക്ക അതിർത്തികളും അതിർത്തികളായതേ വലിയ തോതിലുള്ള രക്തച്ചൊരിച്ചിലുകൾക്കു ശേഷമാണ്. അതിർത്തി പ്രദേശങ്ങൾ പെട്ടന്നു സംഘർഷഭരിതമാവുന്നത് അവിടങ്ങളിലെ മനുഷ്യരിൽ അത്തരം സംഘർഷങ്ങളുടെ ഓർമ്മകൾ പൂണ്ടുകിടക്കുന്നതു കൊണ്ടാണ്. ഒരു മന്ദവാതം മതിയാവും കനലാളാൻ.

അതൊന്നുമില്ല, അങ്ങനെയൊന്നുമില്ല, നമുക്കെല്ലാം പറഞ്ഞു സബൂറാക്കാം എന്നൊക്കെ വിചാരിക്കുന്നവരുടെ ലോകാനുകൂലതയെ മാനിക്കുന്നു. പക്ഷേ മനുഷ്യർ രണ്ടു തരം ഹിംസ കൊണ്ടുനടക്കുന്നുണ്ട്. അടിച്ചാൽ തിരിച്ചടിക്കാനുള്ള വന്യവാസനയും സ്വാർത്ഥാഭിമാനങ്ങൾക്കു വേണ്ടിയുള്ള ഗൂഢാലോചനകളും.

ഒന്നാമത്തെ തരം ഹിംസയെ കോടതികൾ കൂടി പരിഗണിക്കാറുണ്ട്. ആത്മരക്ഷയ്ക്കു വേണ്ടി നടന്ന ഹിംസയ്ക്കു ശിക്ഷയിൽ വലിയ ഇളവുകൾ ഉണ്ട്. അതൊരു പ്രകൃതിദത്തമായ വാസനയാണ്. ജന്തുവിന് അതിജീവനോപാധിയാണ്.