#നിരീക്ഷണം

യുദ്ധവും സമാധാനവും: എല്ലാം നേരിട്ടറിഞ്ഞു തന്നെ മനസിലാക്കേണ്ടതുണ്ടോ?

ഒരു തുറന്ന യുദ്ധമെന്നത് ഇരു രാജ്യങ്ങളേയും സംബന്ധിച്ചിടത്തോളം ഈയവസരത്തിൽ അചിന്തനീയമാണ് (അധാർമ്മികമാണെങ്കിലും അതു ഭരിക്കുന്നവരെ സംബന്ധിച്ചൊരു വിഷയമല്ല). ഈ യാഥാർത്ഥ്യം കൃത്യമായി ഉൾക്കൊണ്ടവർ തന്നെയാണ് ഇരുരാജ്യങ്ങളും ഭരിക്കുന്നത്.

ചൈനയുടെ മേഖലയിലെ ജിയോ പൊളിറ്റിക്സിലെ നിർണായക കണ്ണിയാണു പാകിസ്ഥാൻ. പാകിസ്ഥാനും അവരുടെ കൈവശമുള്ള കാശ്മീരും ഉൾപ്പെടുന്ന നിരവധി പദ്ധതികളാണ് ഇരു കൂട്ടരും ചേർന്നു നടപ്പിലാക്കുന്നത്. ചൈനീസ് ഭരണകൂടം അവിടെ മുസ്ലിം ന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി അടിച്ചമർത്തുന്നതിനെപ്പറ്റി പാകിസ്ഥാൻ മിണ്ടാനും പോവുന്നില്ല. അതുകൊണ്ടു തന്നെ നയതന്ത്ര രംഗത്തും അല്ലാതെയും ചൈനയുടെ പിന്തുണ പാകിസ്ഥാനുണ്ട്.

അമേരിക്കക്കാണെങ്കിൽ അഫ്ഗാനിലെ താൽപര്യ സംരക്ഷണത്തിനു പാകിസ്ഥാൻ അനിവാര്യമാണ്. താലിബാൻ ചർച്ചകൾ നിർണായക ഘട്ടത്തിലുമാണ്. ഈ രണ്ടു രാജ്യങ്ങളും പാകിസ്ഥാനെ സംരക്ഷിക്കാൻ തയ്യാറുള്ളിടത്തോളം അല്ലെങ്കിൽ യുദ്ധം ആഗ്രഹിക്കാത്തിടത്തോളം കാലം ഇന്ത്യ യുദ്ധത്തിനു മുതിരില്ല.

യൂറോപ്യൻ യൂണിയൻ, പശ്ചിമേഷ്യൻ രാജ്യങ്ങളും പ്രകടമായ പാക് വിരുദ്ധ നീക്കത്തെയോ ഇന്ത്യയുടെ യുദ്ധത്തെയോ പിന്തുണക്കില്ല. മാത്രമല്ല സമ്പൂർണ യുദ്ധമെന്നതു മേഖലയുടെ മൊത്തം നാശവും ആഗോള കുത്തകകൾ തൊട്ട് അംബാനി, അദാനിമാർ വരെയുള്ള സകല വമ്പൻമാരുടേയും മൂലധന താൽപര്യങ്ങൾക്കു വൻതിരിച്ചടിയുമാവും. സ്വാഭാവികമായും സമ്പൂർണ യുദ്ധത്തിന് ഇവരാരും മുതിരില്ല. പകരം മുഖം രക്ഷിക്കാനും യുദ്ധഭ്രാന്തും അപരവിദ്വേഷവും ബാധിച്ച് അലറുന്ന സ്വന്തം അണികളെ (അതു വഴി സ്വന്തം രാഷ്ട്രീയ താൽപര്യങ്ങളെയും) തൃപ്തിപ്പെടുത്താനുമുള്ള നീക്കങ്ങൾക്കാണു മുതിരുക.