#നിരീക്ഷണം

ആ മഹാഭാരതം ഒന്നൂടെ വായിക്കുക: നിങ്ങൾക്കു പുണ്യം കിട്ടും, ഞങ്ങൾക്കു ചിലപ്പോൾ സമാധാനവും..

Anti war street art from Aleppo

രാജ്യം രാജ്യസ്നേഹത്താൽ പ്രചോദിതമായി സമാധാനത്തിനായി യുദ്ധം ചെയ്യാൻ വെമ്പി നിൽക്കുമ്പോൾ തീർച്ചയായും ഒന്നു മറിച്ചു നോക്കാവുന്ന പുസ്തകമാണു മഹാഭാരതം എന്ന യുദ്ധകഥ.

ഒന്നാമതു നമുക്ക് എല്ലാവർക്കും ഏറെക്കുറെ അറിയാവുന്ന ഒന്ന്. കഥയായാലും, കഥാപാത്രങ്ങളായാലും, സംഭവഗതിയായാലും ജാതിമതഭേദമെന്യേ എല്ലാ ഇന്ത്യാക്കാരിലും ആ കഥ ഏറിയും കുറഞ്ഞും എത്തിയിട്ടുണ്ട്. അതു സാംസ്കാരിക വിനിമയങ്ങൾ വഴിയായാലും ശരി, മഹാഭാരതം മെഗാ സീരിയൽ വഴി ആയാലും ശരി.

കൊള്ളാവുന്ന ഏതു പുസ്തകത്തിലുമെന്നപോലെ മഹാഭാരതത്തിലും അതിന്റെ ദർശനം മുദ്രാവാക്യം പോലെ ഉയർന്നു കേൾക്കുന്ന വാചകങ്ങളിലല്ല, വരികൾക്കിടയിലാണു കുടികൊള്ളുന്നത്. എന്തിനിങ്ങനെയൊന്ന് എഴുതപ്പെട്ടു എന്ന ചോദ്യത്തിന്റെ ഉത്തരം എങ്ങനെയൊക്കെ ആ ഗ്രന്ഥം ഉപയോഗിക്കപ്പെട്ടു എന്നതിൽ തിരഞ്ഞിട്ടു കാര്യമില്ല. കഥയുടെ പ്രമേയത്തിനുള്ളിൽ സൂക്ഷ്മമായി ഒളിപ്പിക്കപ്പെട്ടു കിടക്കുന്ന, സ്ഥായി തീരെ ഉച്ചത്തിലല്ലാത്ത ചില ആഖ്യാനങ്ങളുണ്ട്. വാക്കുകളിൽനിന്നുമല്ലാതെ സംഭവഗതിയുടെ തുടർച്ചയിൽ നിന്നും വായിച്ചെടുക്കേണ്ട ചില കണക്കുകൂട്ടിയുള്ള നിശബ്ദതകൾ.