#നിരീക്ഷണം

പാക്കിസ്ഥാന്‍ ഒരു കോപ്പും ചെയ്യില്ല; ഇന്ത്യയെ പക്ഷെ ആരു തിരികെ എത്തിക്കും?

വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്‍ മടങ്ങിയെത്തുന്നു എന്നതു തന്നെയാണ് ഏറ്റവും പ്രധാനം.

ശത്രുസൈന്യത്തിന്റെ പിടിയിലായ സൈനികനെ വെറും രണ്ടു ദിവസത്തിനുള്ളില്‍ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ രാജ്യത്തിനഭിമാനിക്കാം. അദ്ദേഹത്തിന്റെ കുടുംബത്തിനും ഉറ്റവര്‍ക്കും ആശ്വസിക്കാം.

ഇമ്രാന്‍ ഖാന്‍ എന്ന പാകിസ്ഥാന്‍ ഭരണത്തലവന്റെ, അദ്ദേഹത്തിന്റെ കീഴിലുള്ള ഭരണകൂടത്തിന്റെ, സൈന്യത്തിന്റെ നല്ല മനസ്സു കൊണ്ടാണിതു സംഭവിച്ചത് എന്നു വിശ്വസിക്കാന്‍ അവരുടെ പൂര്‍വ്വചരിത്രം അനുവദിക്കുന്നില്ല. സൈനികന്റെ തലയറുത്തതൊന്നും ഒരിന്ത്യന്‍ പൌരനും അത്ര പെട്ടെന്നു മറക്കാനുമാവില്ല.

തീര്‍ച്ചയായും ഇതില്‍ ഇന്ത്യയുടെ ഒരു നയതന്ത്ര വിജയം പ്രതിഫലിക്കുന്നുണ്ട്. ഉപാധികളില്ലാതെയുള്ള ഒരു വിട്ടുകിട്ടലാണിത്. അതിനു പിന്നില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള കിടമത്സരത്തെ ഈ പ്രശ്നത്തില്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയത്, സൗദി ഉള്‍പ്പെടെയുള്ള ജി സി സി രാഷ്ട്രങ്ങളുടെ പോലും പിന്തുണ ഉറപ്പാക്കാനായത് ഒക്കെ ചേര്‍ന്ന സമ്മര്‍ദ്ദം വഴി തന്നെയാവണം പാകിസ്ഥാന്‍ സൈന്യം അതിന്റെ പാവ സര്‍ക്കാരിന് അഭിനന്ദിനെ നിരുപാധികം വിട്ടയക്കാന്‍ അനുമതി നല്‍കിയതും.