#രാഷ്ട്രീയം

നാടു തന്നെ തുലയ്ക്കാതിരിക്കാൻ വേണ്ടിവന്നാൽ രാജ്യദ്രോഹികൾക്കു വോട്ടു ചെയ്യേണ്ട ജനാധിപത്യപ്രതിസന്ധി....

പെട്രോൾ വില അൻപതിനു താഴെ എത്തിക്കും, ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും, കള്ളപ്പണം പിടിച്ച് ഓരോ ഇന്ത്യാക്കാരന്റെയും അക്കൗണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കും, ഭീകരവാദം തുടച്ചുനീക്കും, സമാധാനപരവും സുരക്ഷിതവുമായ സാമൂഹ്യ അന്തരീക്ഷം ഉറപ്പുവരുത്തും, ഇൻഫ്രാസ്ട്രക്ചർ വികസനത്തിന്റെ വേഗത കൂട്ടും, അഴിമതി തുടച്ചു നീക്കും, കട്ടു തിന്നില്ല, തിന്നാൻ അനുവദിക്കുകയുമില്ല, സാമ്പത്തിക വളർച്ച ഉറപ്പുവരുത്തുവാനും കാർഷിക പ്രതിസന്ധികൾ മറികടക്കാനും പദ്ധതികൾ കൊണ്ടുവരും, പ്രതിശീർഷ വരുമാനം ഉയർത്തും, സകല ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കും.....

തിരഞ്ഞെടുപ്പ് അടുത്തു നിൽക്കേ ഏതെങ്കിലും രാഷ്ട്രീയ സംഘടന ഇറക്കാൻ പോകുന്ന പുതിയ പ്രകടനപത്രികയിലെ പ്രസക്ത ഭാഗങ്ങളല്ല, നാലു വർഷങ്ങൾക്കു മുമ്പ് രാജ്യത്തിനു ലഭിച്ച വാഗ്ദാനങ്ങളുടെ ഓർമ്മപ്പട്ടികയാണു മുകളിൽ കൊടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കക്ഷികൾ ജനങ്ങൾക്കു വാഗ്ദാനങ്ങൾ നൽകും. ഭരണത്തിൽ എത്തിയാൽ അവയിൽ ചിലതൊക്കെ നടക്കും. ചിലതു ഭാഗികമായി നടക്കും. ചിലതു പഴയപോലെ തുടരും. ഇതൊന്നും പുതിയ കാര്യങ്ങളല്ല. എന്നാൽ മേല്പറഞ്ഞ വാഗ്ദാനങ്ങളുടെ കാര്യം അങ്ങനെയല്ല.

അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിലുണ്ടായ റെക്കോഡ് തകർച്ച അനുകൂല ഘടകമായി വീണു കിട്ടിയിട്ടും പെട്രോൾ വില അമ്പതായില്ല എന്നതു പോട്ടെ, അതിലെ അനുസ്യൂതമായ വർദ്ധനവിനെ പിടിച്ചു നിർത്താൻ പോലും ആയില്ല. ചോദിച്ചാൽ കക്കൂസ് കെട്ടിയെന്നു പറയും. കക്കൂസും, റോഡും, കറണ്ടുമൊക്കെ വികസനത്തിന്റെ ഭാഗമാണ്. അതിന്റെ നിരക്കും വേഗവും കൂട്ടും എന്നു പറഞ്ഞതു പെട്രോളിന്റെ വില കുറഞ്ഞാൽ ആ കാശെടുത്തു ചെയ്യും എന്ന വ്യവസ്ഥ വച്ചായിരുന്നില്ല.