#രാഷ്ട്രീയം

സ്വച്ഛഭാരതത്തിലെ അദൃശ്യജീവിതങ്ങൾ

മാർച്ച് 5-ന്, യുദ്ധത്തിന്‍റെയും യുദ്ധവിമാനങ്ങളുടെയും തിരഞ്ഞെടുപ്പിന്റെയും വാർത്തകൾക്കിടയിൽ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ ഒരു ചെറുപ്പക്കാരൻ മരിച്ചു കിടക്കുന്നുണ്ടായിരുന്നു.

പേര് മനു. ദിവസക്കൂലിക്കാരൻ. ആൾതുളയിലൂടെ (manhole) ഒരു ഓട വുത്തിയാക്കാനിറങ്ങിയതായിരുന്നു. അതിനുള്ളിലെ വിഷവാതകങ്ങൾ ശ്വസിച്ച് ശ്വാസം മുട്ടി. ഇങ്ങനെയുള്ള ജോലിക്ക് അത്യാവശ്യം വേണ്ടുന്ന സുരക്ഷാസംവിധാനങ്ങളൊന്നും മനുവിന്റെ പക്കലുണ്ടായിരുന്നില്ല. മാത്രമല്ല, അയാൾക്കെന്താണു പറ്റുന്നത് എന്നറിയാൻ അടുത്തെങ്ങും ആരും ഇല്ലായിരുന്നുതാനും. അങ്ങിനെ നാലു വയസ്സുകാരിയായ മകളെയും ഭാര്യയെയും ഈ ലോകത്തിന്‍റെ ദയക്കു വിട്ടുകൊടുത്ത് മനു മരിച്ചു.

ബെംഗലൂരിലെ ഒരു ഇന്‍റർനാഷണൽ സ്ക്കൂളിലാണ് ഈ സംഭവം നടന്നത്. നഗരത്തിലെ ഏതു വലിയ സ്‌കൂളുകളെയും പോലെ സ്വച്ഛഭാരതത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊക്കെ നാളത്തെ പൗരന്മാരെ ബോധവാന്മാരാക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കണം ഈ സ്ക്കൂളിന്‍റെ നടത്തിപ്പുകാരും. പക്ഷെ, ഏട്ടിലെ പശു പുല്ലു തിന്നില്ലെന്നതുകൊണ്ടും നാലു തുട്ടു ലാഭിക്കാവുന്നിടത്തൊക്കെ ലാഭിക്കുകയെന്നതാണ് ഈ കച്ചവടത്തിന്റെ അടിസ്ഥാനസ്വഭാവമെന്നുള്ള അടിയുറച്ച ബോധം കൊണ്ടുമായിരിക്കണം സ്കൂളിലെ ഓടകൾ വൃത്തിയാക്കാൻ നിരോധിക്കപ്പെട്ട തോട്ടിവേലയാണു നല്ലതെന്ന് അവർക്കു തോന്നിയത്. ഏതായാലും അത് ഇങ്ങനെയൊരു ആപത്തിനു വഴിവെച്ചതുകൊണ്ട് സ്ക്കൂൾ ഉടമയുടെയും പ്രിസിപ്പലിന്റെയും ഒരു കോ-ഓർഡിനേറ്ററിന്‍റെയും പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നിരോധിക്കപ്പെട്ട ജോലി ചെയ്യിച്ചതിന്, മനഃപൂർവമല്ലാത്ത നരഹത്യക്ക്.

ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു സമാനമായ ഏഴു മരണങ്ങളാണു കഴിഞ്ഞ വർഷം ബെംഗലൂരിൽ മാത്രം നടന്നിട്ടുള്ളത്. കർണ്ണാടകത്തിൽ 2008 മുതൽ 70 പേർ ഇങ്ങനെ മരിച്ചു. കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് 200 ഓളം പേര്‍.