#നിരീക്ഷണം

പൗരന്മാരുടെ ചരിത്രഭാരങ്ങൾ ലഘൂകരിക്കാൻ ഭരണകൂട മുൻകൈ: പാർശ്വവൽകൃതരോട്: ഇനിയെന്തു വേണം..?

ഒൻപതാം ക്ളാസിലെ ചരിത്ര പുസ്തകത്തിൽനിന്നും മൂന്നു പാഠങ്ങളുൾപ്പെടെ 70 പേജുകൾ എൻസിഇആർടി നീക്കം ചെയ്തു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നടപടി എന്നാണു അവരുടെ വിശദീകരണം. എന്നാൽ അതാണോ വാസ്തവം?

കുട്ടികളുടെ പഠനഭാരം കുറയ്ക്കുക എന്നത് അങ്ങനെ തള്ളാവുന്ന ഒരാവശ്യമല്ല. സ്കൂളിൽ ചരിത്രം പഠിപ്പിക്കുന്നതു കുട്ടികളെ ചരിത്ര പണ്ഢിതരാക്കാനല്ല. അതിനാണ് ഉപരിപഠനം. സ്കൂളുകൾ ലക്ഷ്യം വയ്ക്കുന്നത് ഉത്തരവാദിത്തത്തോടെയുള്ള ഒരു പൗരജീവിതത്തിനു കുട്ടികളെ പ്രാപ്തരാക്കാൻ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ചരിത്രസംഭവങ്ങൾ പഠിപ്പിക്കുക എന്നതാണ്. അതുകൊണ്ടു തന്നെ ഇത്തരം ഒരു നീക്കത്തെ വിലയിരുത്താൻ സാധാരണഗതിയിൽ ആ നീക്കം ചെയ്ത ഭാഗങ്ങൾ(70 പേജ്) മുഴുവൻ വായിച്ചുനോക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ അതില്ല. കാരണം നീക്കം ചെയ്യപ്പെട്ട പാഠങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഒരു സാമാന്യവിവരണം തന്നെ പഠനഭാരം കുറയ്ക്കുക എന്നതിലുപരി മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങൾ ഈ ഒഴിവാക്കലിനു പിന്നിലുണ്ട് എന്ന് ഉറക്കെ വിളിച്ചുപറയുന്നു.

‘ചാന്നാർ ലഹള‘, ‘നാടാർ ലഹള‘ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മാറുമറയ്ക്കൽ സമരമാണ് ഒഴിവാക്കപ്പെട്ട ചരിത്രപാഠങ്ങളിൽ ഒന്ന്. മുതലാളിത്തത്തിന്റെ വികാസവും അതു കർഷക ജീവിതത്തിൽ ചെലുത്തിയ സ്വാധീനങ്ങളും വിവരിക്കുന്ന മറ്റൊന്ന്. ക്രിക്കറ്റ് എന്ന വിനോദത്തിന്റെ വളർച്ചയും ഇന്ത്യയുടെ രാഷ്ട്രീയത്തിൽ അതിനു കൈവന്ന സ്വാധീനശക്തിയും വിശകലനം ചെയ്യുന്നതാണു മൂന്നാമത്തെ പാഠം. ഇവ മൂന്നും ആരുടെ രാഷ്ട്രീയത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതു വ്യക്തമാണ്. അവർ ചരിത്രത്തിലും വിദ്യാഭ്യാസത്തിലുമൊക്കെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചു നടത്തിയ ഇടപെടലുകളുടെ മുൻചരിത്രം കൂടി പരിഗണിക്കുമ്പോൾ ഇതു വ്യക്തമാകുന്നു. എന്നിട്ടും കേരളത്തിൽ പോലും ഈ വിഷയം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണതിശയം.