#രാഷ്ട്രീയം

എന്താവും രാഹുലിന്റെ ഈ വയനാടൻ തന്ത്രത്തിന്റെ നാഷണൽ റിസൾട്ട്?

രാഹുൽ വയനാട്ടിൽ മൽസരിക്കുന്നു എന്ന് ആദ്യം കേട്ടപ്പോൾ പലരും അതു വിശ്വസിക്കാൻ തന്നെ തയ്യാറായില്ല. പിന്നെ അത് ഇവിടത്തെ ഗ്രൂപ്പ് വഴക്കുകളുടെ ഭാഗമായ ഒരു ‘ഇറക്ക്‘ആവാം എന്നായി. തുടർന്നു പലതരം കൂട്ടലും കിഴിക്കലുകളുമായി കടന്നുപോയ കുറെ ദിവസങ്ങൾ. യു പി എയുടെ ഭാഗമേയല്ലാത്ത സി പി എം ആണു രാഹുലിനെ തീരുമാനമെടുക്കാനാവാത്തവണ്ണം സമ്മർദ്ദത്തിലാക്കുന്നത് എന്ന തരം വിശകലനങ്ങൾ വരെ അതു ചെന്നെത്തി. വെറുതെയല്ല, കേരളത്തിലെ കോൺഗ്രസ് അദ്ധ്യക്ഷന്റെ മുന വച്ചുള്ള പരാമർശങ്ങളുടെയുൾപ്പെടെ പിന്തുണയോടെ.

അതായതു കേരളത്തിലെ കോൺഗ്രസ് അനുകൂല മാധ്യമങ്ങൾ പോലും രാഹുലിന്റെ വയനാടങ്കം അത്ര പെട്ടെന്നു വിഴുങ്ങാൻ തയ്യാറായില്ല. അതിനു കാരണങ്ങൾ ഉണ്ടായിരുന്നു. ഈ വാർത്ത പുറത്തു വന്നതു മുതൽ നാട്ടിൽ മുഴുവൻ മുഖ്യചർച്ചയും ഇതുതന്നെയായിരുന്നു. കേരളത്തിൽ എന്തിനിത്തരം ഒരു നീക്കം കോൺഗ്രസ് ദേശീയ നേതൃത്വം നടത്തണം എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളായിരുന്നുവെങ്കിൽ കേരളത്തിനു പുറത്തു സ്വാഭാവികമായും അതായിരുന്നില്ല വിഷയം.

ഈ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യയിൽ ബി ജെ പി അഴിച്ചുവിട്ട പ്രചാരണത്തിൽ കോൺഗ്രസിന്റെ തന്ത്രമോ സോഷ്യൽ എഞ്ചിനീയറിങ്ങോ ഒന്നുമല്ല, ‘ഭാഗ് രാഹുൽ ഭാഗും‘, പാകിസ്ഥാനും മാത്രമാണു മുഴച്ചുനിൽക്കുന്നത്. ബി ജെ പിയുടെ വർഗ്ഗീയ പ്രചരണങ്ങളെ മുഖവിലയ്ക്ക് എടുക്കാതിരുന്നാൽ ഈ വയനാടൻ അങ്കത്തിനു പിന്നിലെ യുക്തികൾ എന്തൊക്കെയാവും?

ദക്ഷിണേന്ത്യൻ തരംഗം