#രാഷ്ട്രീയം

ടി വി9 ഭാരത് വർഷയുടെ സ്റ്റിങ് ഓപ്പറേഷൻ: അന്വേഷണത്തിന് ആരാവശ്യപ്പെടും, ആരന്വേഷിക്കും?

എം കെ രാഘവൻ വിവാദം മുഖ്യധാരാ മാധ്യമങ്ങൾ പതിവുപോലെ മുക്കിയെങ്കിലും സമൂഹമാധ്യമങ്ങളിൽ അതു വൻ ചർച്ചയാവുകയാണ്. പ്രസ്തുത സ്റ്റിങ് ഓപ്പറേഷനെ വീഡിയോയിലെയും ഓഡിയോയിലെയും വ്യക്തതക്കുറവുകൊണ്ടു തള്ളിക്കളയുന്നവരും അങ്ങനെ തള്ളാതെ അതിനെ മുഖവിലയ്ക്കെടുത്ത് തിരഞ്ഞെടുപ്പു രംഗത്തെ കള്ളപ്പണമൊഴുക്കിനെയും അഴിമതിയെയും കുറിച്ചു ചർച്ച ചെയ്യുന്നവരും ഉണ്ട് അവിടെ.

കോൺഗ്രസ് അനുകൂലികൾ വീഡിയോയിൽ കാണുന്നത് എം കെ രാഘവൻ തന്നെ എന്നു സമ്മതിക്കുമ്പോഴും ഓഡിയോയിലെ വ്യക്തക്കുറവ് മുൻനിർത്തി ആരോപണത്തെ പ്രതിരോധിക്കുന്നു. ശരിയാണ്. ഓഡിയോയിൽ വ്യക്തതക്കുറവുണ്ട്. അധരചലനങ്ങൾ കൊണ്ട് ഊഹിച്ചെടുക്കാമെന്നു വച്ചാൽ അതും വീഡിയോയിൽ വ്യക്തമല്ല. മാത്രവുമല്ല പലപ്പോഴും രാഘവൻ സംസാരിക്കുന്നതു കൈകൊണ്ടു വായ് മറച്ചിട്ടുമാണെന്നു ദൃശ്യങ്ങളിൽ കാണാം.

എന്നാൽ അതുകൊണ്ടു മാത്രം പ്രസ്തുത ആരോപണത്തെ തള്ളിക്കളയാൻ പറ്റുമോ? ഒന്നാമത് ഇതു കോൺഗ്രസിനെ കുടുക്കാനായി ഒരു സംഘി ചാനൽ നടത്തിയ ഗൂഢാലോചനയാണെന്ന വാദം നിലനിൽക്കില്ല. കാരണം ഒരു എം കെ രാഘവനോ, ഏതാനും കോൺഗ്രസ് എം പി മാരോ മാത്രമല്ല ഇതിൽ കുടുങ്ങിയിരിക്കുന്നത്. പതിനഞ്ചോളം പേർ വരുന്ന പട്ടികയിൽ അഞ്ചു ബി ജെ പിക്കാരുമുണ്ട്. ബി.ജെ.പി എം.പിമാരായ രാംദാസ്, ടാഡ്‌സ്, ലഖന്‍ ലാല്‍ സാഹു, ഉദിത് രാജ്, ഫഗന്‍സിങ് കുലസ്‌തെ, ബഹാദൂര്‍ സിങ് കോലി എന്നിവരാണവർ. ഇനി, ബി ജെ പിയും കോൺഗ്രസും മാത്രവുമല്ല, കൂട്ടത്തിൽ ആർ ജെ ഡി, സമാജ് വാദിപാർട്ടി, എൽ ജെ പി, ശിരോമണി അകാലിദൾ തുടങ്ങി സാക്ഷാൽ ആം ആദ്മി വരെയുണ്ട്.

മുന്‍ എം.പി മഹാബല്‍ മിശ്ര, ജയ്പൂര്‍ സിറ്റി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ജ്യോതി ഖണ്ഡേല്‍വാള്‍ തുടങ്ങിയവരാണു എം കെ രാഘവനൊപ്പം കുടുങ്ങിയ കോൺഗ്രസുകാർ. സമാജ്‌വാദി പാര്‍ട്ടിയിൽനിന്നും രണ്ടുപേരുണ്ട്. എം.പിമാരായ പ്രവീണ്‍ നിഷാദും നാഗേന്ദ്ര സിങ് പട്ടേലും. ഒപ്പം എ.ഐ.ഡി.യു.എഫ് എം.പി രാധേശ്യാം ബിശ്വാസ്, ജന്‍ അധികാര്‍ പാര്‍ട്ടി എം.പി പപ്പു യാദവ്, ആര്‍.ജെ.ഡി എം.പി സഫ്രാസ് ആലം, എല്‍.ജെ.പി എം.പി രാമചന്ദ്ര പാസ്വാന്‍, ശിരോമണി അകാലി ദള്‍ എം.പി ഷേര്‍സിങ് ഗുബായ എന്നിവരും ഉണ്ട്. അഴിമതിവിരുദ്ധരുടെ ആം ആദ്മി പാര്‍ട്ടിയിൽനിന്നും കുടുങ്ങിയത് സാധു സിങ്. ഇതൊന്നും കൂടാതെ ഒരു സ്വതന്ത്രനുമുണ്ട്, നാബാ ഹിരാകുമാര്‍.