#രാഷ്ട്രീയം

ആദിത്യനാഥ് കുടം തുറന്നുവയ്ക്കുന്നു, കെ പി സി സി വെള്ളം കോരുന്നു-ഗ്രൂപ്പ്, സീറ്റ്, അധികാരം. ബാക്കി അപ്പോൾ കണ്ടപോലെ....

ബി ജെ പി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനു മുസ്ളിം ലീഗ് ഒരു വൈറസാണ്. ബാധിച്ചുകഴിഞ്ഞാൽ പിന്നെ രക്ഷയില്ലാത്ത തരം ഒരു വൈറസ്. അതു പണ്ട് ഇന്ത്യയെ ബാധിച്ചപ്പോൾ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടു. ഇപ്പോൾ അതു വീണ്ടും ബാധിച്ചിരിക്കുന്നു. ഇക്കുറി രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയെ!

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം വയനാട്ടിൽ നടന്ന റോഡ്ഷോയിലെ ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗിന്റെ സാന്നിധ്യമാണു യോഗി ഉദ്ദേശിക്കുന്ന പുതിയ വൈറസ് ബാധ. ഇതു കേട്ടപാതി ജിന്നയുടെ ഓൾ ഇന്ത്യാ മുസ്ളിം ലീഗല്ല ഇത് ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗാണെന്നൊക്കെ പറഞ്ഞ് അയാളെ മുസ്ളിം ലീഗിന്റെ ചരിത്രം പഠിപ്പിക്കാനിറങ്ങുന്നു മാധ്യമങ്ങൾ. ഒരുപക്ഷേ ആദിത്യനാഥിന് ഇവർ ധ്വനിപ്പിക്കുമ്പോലെ ആ വ്യത്യാസവും ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗിന്റെ ചരിത്രവും ഒന്നുമറിയില്ലായിരിക്കാം. എന്തായാലും ഇപ്പോൾ അതു മനസിലായിക്കാണുമല്ലോ. അപ്പോൾ ഇനി യോഗി ആദിത്യനാഥിന്റെ വായിൽ നിന്നും അത്തരം വിഷലിപ്തമായ വാക്കുകളൊന്നും ഉണ്ടാവുകയേ ഇല്ലായിരിക്കും, അല്ലേ...!

അറിവില്ലാത്തതുകൊണ്ടു വർഗ്ഗീയവാദികളായവരല്ല ബ്രോ സംഘികൾ. അവരത് ഒരു പ്രത്യയശാസ്ത്രമായി സ്വീകരിച്ചവരാണ്. ജിന്നയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഓൾ ഇന്ത്യ മുസ്ളിം ലീഗിന്റെ ‘കടുംപിടുത്തം’ കാരണം രാജ്യം വിഭജിക്കപ്പെട്ടതിനുശേഷം അതിർത്തിയിൽ നടന്ന രക്തരൂക്ഷിതമായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ മാത്രം രൂപം കൊണ്ട ഒരാശയമല്ല ഹിന്ദുത്വവാദം. മുസ്ളിമിന്റെ അപരവൽക്കരണം എന്ന അജണ്ട അവർ മുന്നോട്ടു വയ്ക്കാൻ തുടങ്ങുന്നതു വിഭജനത്തിനുശേഷം മാത്രവുമല്ല.