#രാഷ്ട്രീയം

ചെരുപ്പ് വിവാദം: ഈവിധം പൈങ്കിളിവൽക്കരിക്കപ്പെടുന്നെങ്കിൽ പിന്നെ ഫാസിസ്റ്റ് വിരുദ്ധപോരാട്ടം കോപ്പെന്നൊന്നും മിണ്ടരുത്!

നാം എങ്ങനെയൊരു നിർണ്ണായക തിരഞ്ഞെടുപ്പിനെ നേരിടുന്നു എന്ന ചോദ്യത്തിലേക്ക് വെളിച്ചം വീശുന്നു ഈ ചെരുപ്പ് വിവാദം.

സംഗതി ലളിതം. രാഹുലും പ്രിയങ്കയുമൊക്കെയുള്ള, ഇലക്ഷൻ പ്രചരണാർത്ഥമുള്ള റോഡ് ഷോയിൽ മാധ്യമപ്രവർത്തകർ സഞ്ചരിക്കുന്ന ഒരു ട്രക്ക് കുഴിയിൽ വീണു. അതിൽ കുത്തിനിറച്ച മാധ്യമപ്രവർത്തകരിൽ ചിലർ വഴിയിൽ വീണു. അതിലൊരാളിന്റെ ഊരിവീണ ചെരുപ്പ് ആരോ എടുത്ത് മുമ്പിൽ നിന്ന പ്രിയങ്കാ ഗാന്ധിയുടെ കയ്യിൽ കൊടുത്തു. അവർ അത് “യെ ജൂത്ത ആപ്കാ ഹെ തോ ലേലോ“ എന്നെങ്ങാനും പറഞ്ഞ് കൊടുത്തും കാണും. ഇതാണു സംഭവം.

ഒരുകാലത്ത് ആളുകൂടുന്നിടത്ത് പോയി ചെരുപ്പടിച്ച് മാറ്റുന്നതൊക്കെ പതിവായിരുന്നു നാട്ടിൽ. അതുകൊണ്ടാവണം ഇപ്പോൾ ആളുകൂടുന്ന തീർത്ഥാടന കേന്ദ്രം പോലെ ചെറുപ്പഴിക്കാതെ കേറാൻ പറ്റില്ലാത്ത ഇടങ്ങളിലൊക്കെ ചെരുപ്പഴിച്ച് സുരക്ഷിതമായി സൂക്ഷിക്കാൻ ചെറിയൊരു തുക കൂലി വാങ്ങുന്ന പാദരക്ഷാ സംരക്ഷണകേന്ദ്രങ്ങളുണ്ട്.

കേരളത്തിൽ അല്ലെങ്കിലും ചെരുപ്പടിച്ച്മാറ്റലൊന്നും ഇപ്പോൾ ഒരു സ്മഗ്ളിങ്ങ് മാനമുള്ള ധീരകൃത്യമോ തൊഴിലോ അല്ല. അഴിഞ്ഞുവീഴുന്നത് വല്ല സ്വർണ്ണമാലയും ആണെങ്കിൽ ഒന്നറയ്ക്കും. അല്ല ചെരുപ്പൊ, കുടയോ ഒക്കെയാണെങ്കിൽ അപ്പൊഴേ തിരികെ കൊടുക്കും.പ്രിയങ്കാ ഗാന്ധിയെപ്പോലെ ഒരാൾക്ക് ചെരുപ്പടിച്ച് മാറ്റേണ്ട കാര്യമില്ല. പക്ഷേ വാർത്ത സ്വാഭാവികമായും അതാവാനും തരമില്ല. ചെരുപ്പ് മടക്കി കൊടുത്തതല്ല, ഒരു വെറും മാധ്യമപ്രവർത്തകന്റെ ചെരുപ്പ് പ്രിയങ്കയെ പോലെയുള്ള ഒരാൾ കൈ കൊണ്ട് തോട്ടതുതന്നെ ഇവിടെ വാർത്തയാണു. അല്ലെങ്കിൽ പിന്നെ ഇതിലെന്ത് വാർത്താ പ്രാധാന്യം?