#രാഷ്ട്രീയം

ഫാസിസം ജനാധിപത്യത്തിനു തീക്കൊളുത്തുമ്പോൾ വീണ വായിക്കുന്ന മുസ്ലീം രാഷ്ട്രീയ പാർട്ടികൾ

"അല്പകാലം മുൻപുവരെ തെരഞ്ഞെടുപ്പു ക്യാമ്പെയ്നുകളിലേയ്ക്ക് എന്നെ ക്ഷണിച്ചിരുന്നവരിൽ 95 ശതമാനവും ഹിന്ദുക്കളായ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അതൊരു 20 ശതമാനത്തിലും താഴെയായിരിക്കുന്നു. അവർക്കെന്നെ പരിപാടികൾക്കു ക്ഷണിക്കാൻ ഭയമാണ്. അതു വോട്ടർമാരെ മോശം രീതിയിൽ സ്വാധീനിക്കുമോ എന്നവർ ആശങ്കപ്പെടുന്നു."

കോൺഗ്രസിന്റെ സമുന്നത നേതാക്കളിൽ ഒരാളായ ഗുലാം നബി ആസാദ് അലിഗഢ് യൂനിവേഴ്സിറ്റിയിൽ നടത്തിയ ഒരു പ്രസംഗത്തിൽ പറഞ്ഞ കാര്യമാണിത്. ഹിന്ദുത്വരാഷ്ട്രീയവും അതു സൃഷ്ടിച്ച സാമൂഹ്യാവസ്ഥകളും ഇന്ത്യയിലെ ഏറ്റവും വലിയ സെക്യുലർ വലതു സംഘടനയെ എത്രമാത്രം കാർന്നു തിന്നിരിക്കുന്നു എന്ന് ഇതിലും നന്നായെങ്ങനെ ബോധ്യപ്പെടുത്താൻ സാധിക്കും.

ഉത്തർപ്രദേശിൽ പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ ഉന്നതരായ മുസ്ലീം നേതാക്കളെയെല്ലാം ഒഴിവാക്കിയിരിക്കുന്നു. സൽമാൻ ഖുർഷിദ്, സലീം ഷെർവാണി, നദീം ജാവേദ് തുടങ്ങിയ മുതിർന്ന നേതാക്കളെയാരും ഒരു റാലിയും കാണാനില്ല. എം പിമാരിൽ പ്രിയങ്ക കൂടെ കൂട്ടിയിരിക്കുന്നതു രാജ് ബബ്ബാറിനെ മാത്രം ആണ്. കാര്യം എന്താണെന്നു വ്യക്തം.