#രാഷ്ട്രീയം

നീ ധാരാവിയെന്നു കേട്ടിട്ടുണ്ടോ?

14 Apr, 2019

മലയാളികൾക്കു ബോംബെ സിനിമകളിലൂടെ മാത്രം പരിചയമുള്ള അധോലോകങ്ങളുടെ നാടാണ്. ധാരാവിയിലെ ചേരി അവർക്കു കൊള്ളക്കാരും പിടിച്ചുപറിക്കാരും മാത്രമുള്ള നഗരമാണ്. പക്ഷേ ഈ നഗരത്തിൽ ജീവിച്ച, ഒരിക്കലെങ്കിലും വന്നു പോയവർക്കും ബോംബെ നല്കുന്നത് മറ്റൊരു അനുഭവമാണ്.

എന്തുകൊണ്ടാണു സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക സമരം 'കിസാൻ ലോങ്ങ് മാർച്ച്‘ ബോംബയിൽ എത്തിയപ്പോൾ അവരിൽ ബഹുഭൂരിഭാഗവും അതു ഹൃദയത്തിലേറ്റെടുത്തത് എന്നാലോചിച്ചിട്ടുണ്ടോ?.

ബോംബെയുടെ തിരക്കുള്ള തെരുവുകളിൽ പച്ചക്കറി മാത്രം വിറ്റു ജീവിക്കുന്ന ‘സബ്ജിവാലകൾ‘, വരിയോരങ്ങളിൽ ഇത്തിരിപ്പോന്ന പെട്ടിക്കടകളിൽ 'കട്ടിങ് ചായ്' വിൽക്കുന്ന ചായ് വാലകൾ', കൃത്യമായി മീറ്ററുകളിൽ മാത്രം നഗരങ്ങളിൽ വണ്ടി ഓട്ടുന്ന 'കാലാ പീല ടാക്സി ' ഡ്രൈവർമാർ, 10 രൂപയ്ക്ക് വയറു നിറയ്ക്കുന്ന ‘വടാപാവ്'വിൽപ്പനക്കാർ... ഇവരിൽ ബഹുഭൂരിഭാഗവും കാർഷിക വൃത്തി പട്ടിണി മാത്രം തന്നപ്പോൾ ആത്മഹത്യയുടെ മുനമ്പിൽ നിന്നും ജീവിതം തേടി ബോംബെയെന്ന മഹാനഗരത്തിലേക്കു പലായനം ചെയ്യപ്പെട്ടവരാണ്.

അവരെ ചതിച്ചതു പ്രകൃതയല്ല, ഈ നാടു ഭരിച്ച ഭരണകൂടങ്ങളാണ്. അതുകൊണ്ടാണു തങ്ങളിൽ പെട്ടവർ വിണ്ടുകീറിയ കാലുമായി ബോംബെയിലേക്കു നടന്നു വന്നപ്പോൾ ആ ദരിദ്രകർഷകർ മുംബൈയിലെ പാവങ്ങളുടെ ഹൃദയത്തിലേക്കും നടന്നു കയറിയത്.