#രാഷ്ട്രീയം

നവോത്ഥാന മൂല്യങ്ങളും നവോത്ഥാനപൂർവ്വ മൂല്യങ്ങളും തമ്മിൽ നടക്കുന്ന ഒരു തിരഞ്ഞെടുപ്പു പോരാട്ടത്തിൽ നിങ്ങൾ ആർക്കൊപ്പം നിൽക്കും?

പ്രശസ്തരും അപ്രശസ്തരുമായ പലരും ഫെയ്സ്ബുക്കിലും അല്ലാതെയുമൊക്കെയായി പലവട്ടം ആവർത്തിച്ചതുപോലെ അതിനിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പാണു നടക്കുന്നത്. അതു നിർണ്ണായകമാകുന്നത് ഇന്ത്യയെ ഇന്ത്യയാക്കുന്ന ഭരണഘടനയും ജനാധിപത്യവും, മതേതരത്വവും, ശാസ്ത്രീയ അവബോധവും പുരോഗമനോന്മുഖതയുമൊക്കെ ചേർന്ന ആധുനികമൂല്യങ്ങൾ ഒക്കെയും അട്ടിമറിച്ച് നമ്മുടെ ചരിത്രത്തിലെ ഒരിരുണ്ട കാലഘട്ടത്തിലേക്കു നമ്മെ നയിക്കുന്ന ഒരു പ്രത്യയശാസ്ത്രം അധികാരത്തിലിരിക്കുന്നു എന്നതിനാലും.

ആധുനിക ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ആധാരമാക്കിയുള്ള സമൂഹനിർമ്മിതിക്കായുള്ള ഒരു തരം വ്യാജമായ മുറവിളി ഭരണപക്ഷം അവരുടെ പ്രചണ്ഢ പ്രചരണ പരിപാടികൾ വഴി ഉയർത്തിക്കൊണ്ടുവരികയാണ്. അതിൽപെട്ട് സാധാരണ മനുഷ്യരുടെ നിത്യജീവിത പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക, ചെറുകിട മേഖലയിലെ പ്രതിസന്ധികൾ ഒക്കെയും തമസ്കരിക്കപ്പെടുന്നു. പൗരന്റെ വ്യക്തിസ്വാതന്ത്ര്യമെന്ന ഭരണഘടനാദത്തമായ അവകാശം ആഹാരത്തിന്റെ, വസ്ത്രത്തിന്റെ, മതത്തിന്റെ, ജാതിയുടെയൊക്കെപ്പേരിൽ കവർന്നെടുക്കപ്പെടുന്ന അവസ്ഥ വ്യാപകമാകുന്നു. ഇതൊക്കെ ചേർന്നാണു നിലവിലിരിക്കുന്ന ഭരണകൂടത്തെ അധികാരത്തിൽ നിന്നും പുറത്താക്കുക ഒരടിയന്തിര ആവശ്യമായി തീരുന്നത്. അങ്ങനെയാണീ തിരഞ്ഞെടുപ്പ് നിർണ്ണായകമാകുന്നത്.

രാജ്യം നേരിടുന്ന ഇത്തരം ഒരു ആസുരഘട്ടത്തിന്റെ ഗൗരവം അവിടത്തെ സാക്ഷര സമൂഹമായിരിക്കണം ആദ്യം മനസിലാക്കേണ്ടത്. ആ നിലയ്ക്ക് ഒരു സംസ്ഥാനമെന്ന നിലയിൽ കേരളം. എന്നാൽ ഇവിടത്തെ തിരഞ്ഞെടുപ്പ് രംഗത്തുനിന്നും ഉയരുന്നതോ?

ഭരണഘടനയെ മുൻനിർത്തി രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നും ഉണ്ടായ പുരോഗമന സ്വഭാവമുള്ള ഒരു വിധി ഭരിക്കുന്ന സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ചതാണ് (അല്ലാതെ അവർക്കു വേറെ എന്തു വഴി?) ഇപ്പോൾ ഇവിടെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയം. ആചാരങ്ങളെ തകർക്കാൻ ശ്രമിക്കുന്നു എന്നത്! പിന്നെ അനുസാരികളായി ജാത്യാഭിമാന പ്രഘോഷണങ്ങളും, ആഭിജാത്യ പ്രകടനങ്ങളും, ആണത്ത ആഘോഷങ്ങളും... പോകെപ്പോകെ അമ്പലത്തിലെ മൈക്ക് ഓഫ് ചെയ്ത് അതിന്റെ പേരിൽ മുതലെടുപ്പ് നടത്താൻ വരെ ശ്രമങ്ങൾ!